സ്വവസതികളില്‍ ഔദ്യോഗിക യോഗം പാടില്ലെന്ന് സര്‍ക്കുലര്‍
പനാജി: സ്വന്തം വസതികളില്‍ ഔദ്യോഗിക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതില്‍ നിന്ന് എം.എല്‍.എമാരെ തടഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വന്തം വസതികളിലേക്ക് വിളിച്ചുവരുത്തി യോഗങ്ങള്‍ നടത്തരുതെന്നാണ് നിര്‍ദേശം.
ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപാര്‍ട്ട്‌മെന്റ്(ജി.എ.ഡി) ആണ് സര്‍ക്കുലര്‍ തയാറാക്കി എം.എല്‍.എമാര്‍ക്ക് അയച്ചത്. മന്ത്രിമാരെ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓരോ വകുപ്പുകളുടെയും ഓഫിസുകളിലോ ജില്ലാ കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍, സബ് ഡിവിഷനല്‍ ഓഫിസര്‍ എന്നിവരില്‍ ആരുടെയെങ്കിലും വസതികളിലോ മാത്രമേ ഇനിമുതല്‍ ഔദ്യോഗിക യോഗങ്ങള്‍ ചേരാവൂ.
2017 ജി.എസ്.ടി ബില്‍ പാസാക്കാനായി മെയ് ഒന്‍പതിനു ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിഷയം ഉന്നയിച്ചിരുന്നു. പൊതുമരാമത്ത്, വൈദ്യുതി അടക്കമുള്ള വകുപ്പ് ഉദ്യോഗസ്ഥരെ എം.എല്‍.എമാര്‍ സ്വന്തം വസതികളിലേക്ക് വിളിച്ചുവരുത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് പരീക്കര്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വകുപ്പ് ഓഫിസുകളില്‍ ഹാജരാകാന്‍ മടികാണിക്കുന്നുവെന്ന് നേരത്തെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും ചൂണ്ടിക്കാട്ടിയിരുന്നു.ഭരണസുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കുലര്‍ കൃത്യമായി പാലിക്കണമെന്ന കര്‍ശനനിര്‍ദേശവും എം.എല്‍.എമാര്‍ക്ക് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."