യുവനേതാവിലൂടെ 23 വര്‍ഷത്തിന് ശേഷം കോന്നി പിടിച്ചെടുത്ത് എല്‍.ഡി.എഫ്
പത്തനംതിട്ട: നീണ്ട 23 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം യുവനേതാവ് കെ.യു ജനീഷ് കുമാറിലൂടെ കോന്നി മണ്ഡലം ചുവപ്പിച്ച് എല്‍.ഡി.എഫ്. 9953 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിനെ പരാജയപ്പെടുത്തിയാണ് ജനീഷ് കുമാര്‍ മികച്ച വിജയം കരസ്ഥമാക്കിയത്.
1996 മുതല്‍ 2006 വരെ അടൂര്‍ പ്രകാശ് എം.എല്‍.എയായി വാണ മണ്ഡലമാണിത്. 54099 വോട്ടുകളാണ് ജനീഷ് ആകെ നേടിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് 44146 വോട്ടുകളാണ് ലഭിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ നിലനിന്ന തമ്മിലടിയും പ്രശ്‌നങ്ങളും പരാജയത്തിന് കാരണമായി എന്ന് കരുതുന്നവര്‍ കുറവല്ല.
താന്‍ ശുപാര്‍ശ ചെയ്ത റോബിന്‍ പീറ്ററെ നേതൃത്വം സ്ഥാനാര്‍ഥിയായി പരിഗണിക്കാതിരുന്നതില്‍ അടൂര്‍ പ്രകാശിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. കൂടാതെ ഗ്രൂപ്പ് പ്രവര്‍ത്തനവും യു.ഡി.എഫിന്റെ പരാജയത്തിന് വഴിയൊരുക്കിയതായി ആരോപണമുയര്‍ന്നു കഴിഞ്ഞു.
മേഖലയില്‍ സുപരിചിതനായ യുവസ്ഥാനാര്‍ഥിയെ നിര്‍ത്തി യു.ഡി.എഫിന്റെ പ്രതികൂല ഘടകങ്ങളെല്ലാം മുതലാക്കാനുള്ള എല്‍.ഡി.എഫിന്റെ ശ്രമവും പൂര്‍ണമായി വിജയിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."