കുഴല്‍ക്കിണറില്‍ വീണ പിഞ്ചുകുഞ്ഞിനായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
ഹൈദരാബാദ്: തെലങ്കാനയില്‍ വ്യാഴാഴ്ച കുഴല്‍ക്കിണറില്‍ അകപ്പെട്ട പിഞ്ചുകുഞ്ഞിനെ ഇനിയും രക്ഷിക്കാനായില്ല. വെറും 14 മാസം പ്രായമായ പെണ്‍കുഞ്ഞാണ് 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. കുഴിയില്‍നിന്ന് കുഞ്ഞിന്റെ കരച്ചില് ഇപ്പോഴും കേള്‍ക്കുന്നതിനാല്‍ ജീവന് നിലനില്‍ക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. സൈബറാബാദ് പൊലിസിന്റെ നേതൃത്വത്തില്‍ കുഞ്ഞിനായി ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്.
വിക്രാബാദ് ജില്ലയിലെ ചെവല്ലയിലെ ഇക്ക റെഡ്ഡി ഗുഡയില്‍ വ്യാഴാഴ്ച രാത്രി 7.15ഓടെയാണ് ദാരുണസംഭവം നടന്നത്. ചെറിയ സഹോദരി അര്ഷിദയുമൊത്ത് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തുറന്നുകിടന്ന കുഴല്‍ക്കിണറിലേക്ക് കുഞ്ഞ് തെന്നിവീഴുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം കുഞ്ഞിനെ കാണാതിരുന്ന മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് അര്‍ഷിദ സംഭവം വെളിപ്പെടുത്തിയത്. തൊഴിലാളിയായ യാദഗിരിയുടെയും രേണുകയുടെയും മകളാണ് കുഞ്ഞ്. കുഞ്ഞിനെ മാമോദീസ മുക്കാനിരിക്കെയാണ് കുടുംബത്തെയും നാടിനെയും നടുക്കിയ അപകടം.
സംഭവം നടന്ന് 15 മിനിറ്റിനകം പൊലിസെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കുഞ്ഞിന് പൈപ്പ് വഴി ഓക്സിജന്‍ നല്കിക്കൊണ്ടിരിക്കുന്നുണ്ട്. കുഴല്‍ക്കിണറിന് സമാന്തരമായി ജെ.സി.ബി ഉപയോഗിച്ച് കുഴി കീറിയാണ് രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. അപകടം നടന്നത് രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. സമീപത്തൊന്നും വെളിച്ചമില്ലാത്തതും പ്രതികൂലമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."