കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെ ബി.ജെ.പി റാഞ്ചാന്‍ ശ്രമിക്കുന്നു: ദീപേന്ദര്‍ സിങ് ഹൂഡ
ചണ്ഡീഗഡ്: ഹരിയാനയില്‍ തങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെ ബി.ജെ.പി റാഞ്ചാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിങ് ഹൂഡ ആരോപിച്ചു. സ്ഥാനാര്‍ഥികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണ്. സ്വതന്ത്രസ്ഥാനാര്ഥികളില് ഭൂരിഭാഗവും കോണ്‍ഗ്രസില്‍ ചേരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യപരമായി അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ബി.ജെ.പിചെയ്യുന്നത്. സ്വതന്ത്രസ്ഥാനാര്‍ഥികള്‍ക്ക് അവര്‍ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടി സ്വയം തെരഞ്ഞെടുക്കാന്‍ കഴിയണമെന്നും ഹൂഡ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 90 സീറ്റുകളിലെയും ഫലസൂചനകള്‍ ലഭ്യമാകുമ്പോള്‍ ബി.ജെ.പി 38 ഇടത്തും കോണ്‍ഗ്രസ് 33 ഇടത്തും ലീഡ് ചെയ്യുകയാണ്. 90 അംഗ ഹരിയാന നിയമസഭയില്‍ 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
പത്തു സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദൂഷ്യന്ത് ചൗതാലയുടെ പിന്തുണയാണ് ഹരിയാനയിലെ സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണായകമാകുക. കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തയ്യാറാണെന്നും എന്നാല്‍ പകരമായി മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നതാണ് അദ്ദേഹം മുന്നോട്ട് വെക്കുന്ന വ്യവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."