പൊലിസ് മാതൃകാപരമായി ഇടപെടണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മാതൃകാപരമായ പെരുമാറ്റം പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള ആംഡ് പൊലിസിന്റെ മൂന്ന്, അഞ്ച് ബറ്റാലിയനുകളിലെ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപരമായി ഇടപെടാന്‍ പുതുതായി സേനയില്‍ ചേരുന്നവര്‍ക്ക് കഴിയണം. ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ചുമതലയാണ് പൊലിസിനുള്ളത്. ഭരണഘടനക്കെതിരേ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്ന ഇക്കാലത്ത് വലിയ ഉത്തരവാദിത്തമാണ് പൊലിസിനുള്ളത്.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച സേനയാണ് കേരളത്തിലേത്. കൃത്യനിഷ്ഠത പാലിക്കുന്നതിനൊപ്പം ജനങ്ങളുമായി ഇടപഴകുമ്പോള്‍ ഉയര്‍ന്ന സാംസ്കാരിക നിലവാരം പുലര്‍ത്തുകയും വേണം. പൊതുവേ പൊലിസിന് ജനങ്ങളുമായി ഉയര്‍ന്ന സൗഹൃദബന്ധമാണുള്ളത്. മികവുകളുണ്ടെങ്കിലും ഏതെങ്കിലും മോശമായ കാര്യം ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ അതായിരിക്കും പൊലിസിന്റെ മുദ്രയായി ജനങ്ങള്‍ കാണുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശീലനകാലയളവില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.
മികച്ച ഷൂട്ടറായി കെ.എ.പി മൂന്നാം ബറ്റാലിയനിലെ മുഹമ്മദ് ഷാനും അഞ്ചാം ബറ്റാലിയനിലെ അജിത് വാസുദേവനും തെരഞ്ഞെടുക്കപ്പെട്ടു.
ബെസ്റ്റ് ഇന്‍ഡോറായി റെജി രാജന്, പി.ജി മനു എന്നിവരെ തെരഞ്ഞെടുത്തു. ബെസ്റ്റ് ഔട്ട്ഡോര്‍ കേഡറ്റായി എം.യു ഹരികൃഷ്ണന്, കെ.എസ് ബിന്‍സ് ലാല്‍ എന്നിവരും ബെസ്റ്റ് ഓള്‍റൗണ്ടറായി റെജി രാജന്, എസ്. മനോജ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
551 പേരാണ് ഇന്നലെ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതില്‍ എം.ബി.എക്കാര്‍ 16ഉം ബിരുദാനന്തര ബിരുദമുള്ളവര്‍ 52ഉം ബിരുദധാരികള്‍ 234ഉം ആണുള്ളത്. 21 പേര് ബിടെക് ബിരുദധാരികളും രണ്ടുപേര്‍ എം.സി.എക്കാരുമാണ്. എം.ടെക്ക് നേടിയ ഒരാളും രണ്ട് എം.എസ്.ഡബ്ല്യുക്കാരുമുണ്ട്.
സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്, ഐ.ജി ഇ.ജെ ജയരാജ്, ഡി.ഐ.ജി ഷെഫീന്‍ അഹമ്മദ്, കെ.എ.പി മൂന്നാം ബറ്റാലിയന് കമാന്‍ഡന്‍ഡ് കെ.ജി സൈമണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."