കുല്‍ഭൂഷണ്‍ തെറ്റ് സമതിച്ചെന്ന പാക്‌വാദം അപഹാസ്യമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്താന്‍ തടവില്‍ വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കുറ്റസമ്മതമെന്ന പേരില്‍ പാക് അധികൃതര്‍ പുറത്തുവിട്ട വിഡിയോ അപഹാസ്യമെന്ന് ഇന്ത്യ. കേസുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ ഇത്തരം വിലകുറഞ്ഞ നടപടികളിലൂടെ വ്യതിചലിപ്പിക്കാനാവില്ലെന്നും അയല്‍രാജ്യത്തിന്റെ വാസ്തവവിരുദ്ധമായ വിഡിയോയെ പരാമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യാന്തര കോടതിയുടെ പരിഗണനയിലുള്ള കേസില്‍ സ്വാധീനം ചെലുത്താനാണ് ഇതുപോലുള്ള തമാശകള്‍ ആ രാജ്യം പയറ്റുന്നത്. പാക് വാദം സുതാര്യതയില്ലാത്തതാണ്. കുല്‍ഭൂഷണിന് നിരന്തരമായി നിയമപരമായ അവകാശവും കോണ്‍സുലര്‍ സേവനവും പാകിസ്താന്‍ നിഷേധിക്കുകയാണ്. കോടതിയില്‍ തുടരുന്ന കേസില്‍ മുന്‍വിധി ഉണ്ടാക്കിയെടുക്കാനുള്ള പ്രചാരണത്തിന്റെ ഭാഗം മാത്രമായാണ് ഇന്ത്യ ഇത്തരം നടപടികളെ കാണുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബഗ്ലെ വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് പാക് പട്ടാള മേധാവി ജനറല്‍ ഖമര്‍ ജാവിദ് ബജ്‌വക്ക് ദയാഹരജി നല്‍കിയതായി പാക് സൈന്യത്തിന്റെ ഇന്റര്‍-സര്‍വിസസ് പബ്ലിക് റിലേഷന്‍സ് വാര്‍ത്ത പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."