അപകടങ്ങള്‍ കുറയുമ്പോഴും മരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നു
ഹംസ ആലുങ്ങല്‍#
കോഴിക്കോട്: വാഹനാപകടങ്ങളില്‍ പൊലിയുന്ന ജീവനുകളില്‍ ഏറെയും ചെറുപ്പക്കാര്‍. ജീവന്‍ പൊലിയുന്നവരിലും ജീവച്ഛവങ്ങളായി ശേഷിക്കുന്നവരിലുമാണ് കൗമാരക്കാരുടേയും യുവാക്കളുടേയും അംഗസംഖ്യ കൂടുന്നത്. പത്തു വര്‍ഷമായി ഈ കണക്ക് മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് റോഡപകടങ്ങളുടെയും അപകടങ്ങളില്‍ മരിക്കുന്നവരുടെയും എണ്ണം കുറയുമ്പോഴാണ് ഇങ്ങനെയൊരു കണക്ക്. റോഡ് സുരക്ഷാ നടപടികള്‍ അധികൃതര്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് മരണസംഖ്യ കുറഞ്ഞത്. എന്നാല്‍ യുവാക്കളിലെ അശ്രദ്ധയും അമിത വേഗതയുമാണ് ഇത്തരക്കാരില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണം കൂട്ടുന്നത്. മരിക്കുന്നവരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ലൈസന്‍സ് പോലുമെടുക്കാത്തവരുമുണ്ട്.
ഇന്ത്യയില്‍ പ്രതിവര്‍ഷം 1,40,000 പേര്‍ റോഡപകടങ്ങളില്‍ മരണമടയുന്നുണ്ട്. ഇതില്‍ 40 ശതമാനവും 25 വയസില്‍ താഴെ പ്രായമുള്ളവരാണ്. ഇരുചക്രവാഹനാപകടങ്ങളില്‍ മരിക്കുന്നവരിലേറെയും തലക്കേറ്റ പരുക്കുമൂലവുമാണെന്നാണ് ഏറ്റവും പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പോലും സൂചിപ്പിക്കുന്നതെന്ന് കോഴിക്കോട്ടെ ട്രോമാകെയര്‍ രക്ഷാധികാരി ആര്‍. ജയന്ത് കുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു. വാഹനാപകടങ്ങള്‍ മൂലം ദുരന്തങ്ങള്‍ക്കിരയാകുന്ന ചെറുപ്പക്കാരുടെ എണ്ണം ഓരോ വര്‍ഷവും ക്രമാതീതമായി ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നതും ഇതിന് മുഖ്യ കാരണമാണ്. റോഡപകട നിരക്കില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016ല്‍ 39,420 റോഡപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2017ല്‍ ഇത് 38,462 ആയി കുറഞ്ഞു. 2016ല്‍ റോഡപകടങ്ങളില്‍ 4,287 പേര്‍ മരിച്ചു. 2017ല്‍ 4,035 പേരും. ഗുരുതരമായി പരുക്കേറ്റവര്‍ 2016ല്‍ 30,100 ആയിരുന്നത് 2017ല്‍ 29,471 ആയി. ഗുരുതരമല്ലാത്ത പരുക്കേറ്റവരുടെ എണ്ണം 14,008ല്‍ നിന്ന് 12,840 ആയും കുറഞ്ഞിട്ടുണ്ട്. ഇരുചക്രവാഹനങ്ങളുടെ പിന്നിലിരിക്കുന്നവരും അപകടങ്ങളില്‍ ഏറെയും മരിക്കുന്നു. കുട്ടികളും സ്ത്രീകളുമാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്.
സംസ്ഥാനത്ത് രണ്ടു മാസക്കാലത്തിനിടയില്‍ ഉണ്ടായ ഒന്‍പതു അപകടങ്ങളില്‍ മാത്രം 36 കുഞ്ഞുങ്ങളാണ് മരണമടഞ്ഞത്. സംഗീതജ്ഞന്‍ ബാല ഭാസ്‌കറിന്റെ മകളടക്കം ഇതിലുള്‍പ്പെടുന്നു. ഓമനിച്ചുവളര്‍ത്തിയ കുഞ്ഞുമക്കളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്ന ഇത്തരം ദുരന്തങ്ങളുടെ ആഘാതത്തില്‍ തളര്‍ന്നുപോകുന്നത് കുടുംബാംഗങ്ങളാണ്.
വാഹനാപകടങ്ങളില്‍ കുടുംബാംഗങ്ങള്‍ മരിച്ചവരുടെ വേദനയില്‍ പങ്കുചേരുന്നതിനും ഇനിയും അപകടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും വേണ്ടിയാണ് നവംബര്‍ മാസത്തെ മൂന്നാമത്തെ ഞായറാഴ്ച അപകടത്തില്‍ പൊലിഞ്ഞവരുടെ ഓര്‍മദിനമായി ആചരിക്കുന്നത്. ആ വര്‍ഷം മരിച്ചവരുടെ ഓരോരുത്തരുടെയും സ്മരണക്കായി മെഴുകുതിരി കത്തിച്ച് മൗനം ആചരിച്ചാണ് കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നത്. കോഴിക്കോട് ബി.ഇ.എം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലയില്‍ ഈ വര്‍ഷം മരിച്ച 281 പേര്‍ക്കായി മെഴുകുതിരി കത്തിച്ച് ഓര്‍മദിനം ആചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."