സമസ്ത സഹായ വിതരണവും രേഖ കൈമാറ്റവും വെള്ളിയാഴ്ച്ച പോത്തുകല്ലില്‍
ചേളാരി: കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ വീടുകളും പള്ളികളും മദ്റസകളും സ്ഥാപനങ്ങളും പുനഃസ്ഥാപിക്കുന്നതിലേക്കുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിയില്‍ നിന്നുള്ള സാമ്പത്തിക സഹായ വിതരണവും പാതാറില്‍ പള്ളി പുനര്‍നിര്‍മ്മിക്കുന്നതിന് സമസ്ത വാങ്ങിയ സ്ഥലത്തിന്റെ രേഖ കൈമാറ്റവും വെള്ളിയാഴ്ച്ച വൈകു: 4 മണിക്ക് പോത്തുകല്ലില്‍ വെച്ച് നടക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് അദ്ധ്യക്ഷത വഹിക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും ജനപ്രതിനിധികളും പൗരപ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. ഉരുള്‍പൊട്ടലില്‍ കൂടുതല്‍ കെടുതിക്കിരയായ വയനാട് ജില്ലയിലെ പുത്തുമലയിലെയും പരിസരത്തെയും ദുരിതബാധിതര്‍ക്കുള്ള സഹായ വിതരണം 28ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മേപ്പാടിയില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശുമാരെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. കര്‍ണാടക സംസ്ഥാനത്തെ കുടക് ഉള്‍പ്പെടെ മറ്റു പ്രദേശങ്ങളിലെ അര്‍ഹര്‍ക്കുള്ള സാമ്പത്തിക സഹായം വിവിധ കേന്ദ്രങ്ങളില്‍ വെച്ച് വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."