ചെറിയ പെരുന്നാള്‍ ആഘോഷത്തിന് നാടൊരുങ്ങി
ആലപ്പുഴ: റമദാന്‍ വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ചുകൊണ്ടെത്തുന്ന ഈദുല്‍ഫിത്വറിനെ വരവേല്‍ക്കാന്‍ പള്ളികളും വീടുകളും ഒരുങ്ങി.
പുണ്യങ്ങളുടെ പൂക്കാലമായ റമദാനിന് വിട ചൊല്ലിക്കൊണ്ടെത്തുന്ന ഈദുല്‍ഫിത്വര്‍(ചെറിയപെരുന്നാള്‍) സന്തോഷത്തിന്റെയും പരസ്പരസ്‌നേഹത്തിന്റേതുമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍.
പുതുവസ്ത്രങ്ങളും സുഗന്ധ വസ്തുക്കളും വാങ്ങുന്നതിനുള്ള തിരക്കാണെങ്ങും.നഗരത്തിലെ പ്രധാന വസ്ത്രശാലകളിലെല്ലാം വന്‍ തിരക്കാണനുഭവപ്പെടുന്നത്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമടക്കം കുടുംബത്തിലെ എല്ലാവര്‍ക്കും പുതുവസ്ത്രങ്ങള്‍ വാങ്ങുന്ന പതിവ് ചെറിയപെരുന്നാളിനുണ്ട്.ഇതിനും പുറമെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് പുതുവസ്ത്രം എത്തിച്ചുകൊടുക്കുന്നു.
പ്രധാനപ്പെട്ട വസ്ത്രശാലകളോടനുബന്ധിച്ച് നോമ്പ് തുറക്കുന്നതിനുള്ള സൗകര്യവും കൂടി ഏര്‍പ്പെടുത്തിയിട്ടുള്ളത് വിശ്വാസികള്‍ക്ക് ആശ്വാസമാണ്.പെരുന്നാള്‍ നിസ്‌കാരത്തിനെത്തുന്നവരെ വരവേല്‍ക്കാന്‍ പള്ളികളിലും മഹല്ല് കമ്മിറ്റികള്‍ മുന്‍കൈയെടുത്ത് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.വിശ്വാസികളുടെ തിരക്ക് പരിഗണിച്ച് പള്ളിക്ക് പുറത്തും നിസ്‌കാര സൗകര്യമൊരുക്കിയിട്ടുണ്ട്.മഴ കണക്കിലെടുത്ത് പുറത്തെ നിസ്‌കാര സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മുകള്‍ ഭാഗം മറച്ചാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.
മാസപ്പിറവി ദൃശ്യമാകുന്നതോടെ പള്ളികളിലും വീടുകളിലും തക്ബീര്‍ ധ്വനികള്‍ ഉയരും.ചെറിയ പെരുന്നാളിന്റെ ഭാഗമായുള്ള ഫിത്വര്‍ സക്കാത്ത്(ശരീരത്തിന്റെ നിര്‍ബന്ധദാനം) വിതരണം നടത്താനുള്ള അരി ശേഖരിച്ചു വരുന്നു.പെരുന്നാള്‍ വിഭവസമൃദ്ധമാക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബിനികള്‍.പലവ്യഞ്ജനങ്ങളും മറ്റും വാങ്ങുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്കുകടകളിലും വന്‍ തിരക്കാണനുഭവപ്പെടുന്നത്.
കാലിക്കശാപ്പ് നിരോധനം മൂലം ഇറച്ചി വിപണിയിലെ വിലക്കയറ്റം സാധാരണ കുടുംബങ്ങളെ വലക്കുന്നുണ്ട്.മിക്ക സാധനങ്ങള്‍ക്കും വിപണിയില്‍ വിലക്കയറ്റം പ്രകടമാണ്.ഇതിനിടെ കൊച്ചു കുട്ടികളും സ്ത്രീകളും മൈലാഞ്ചി അണിഞ്ഞും മറ്റും പെരുന്നാള്‍ ആഘോഷം കെങ്കേമമാക്കും.പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് വിവിധ സംഘടനകള്‍ ഈദ്‌സംഗമങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പെരുന്നാള്‍ സുദിനം പ്രാര്‍ഥനാധന്യമാക്കാനുള്ള തയ്യാറെടുപ്പുകളാണെങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."