ശശികലയെ അറസറ്റ് ചെയ്ത് ആളാക്കി മാറ്റി ചെന്നിത്തല; ബി.ജെ.പിയും സി.പി.എമ്മും ഒത്തു കളിക്കുന്നു
കോഴിക്കോട്: ആര്‍.എസ്.എസും ബി.ജെ.പിയും ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റുമ്പോള്‍ മറുഭാഗത്ത് സി.പി.എം ശബരിമലയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നുവെന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പൊറുക്കാനാവാത്ത തെറ്റാണ് ബി.ജെ.പിയുടെ ഇന്നത്തെ ഹര്‍ത്താല്‍. രാത്രി മൂന്ന് മണിക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശബരിമല തീര്‍ത്ഥാടകരെയടക്കം പെരുവഴിയിലാക്കി. ഭക്ഷണവും വാഹനവും ലഭിക്കാതെ പാവപ്പെട്ട ജനങ്ങള്‍ വലഞ്ഞു. പ്രതിഷേധം അറിയിക്കാന്‍ മറ്റു ധാരാളം വഴികളുണ്ടായിരുന്നു- ചെന്നിത്തല ചൂണ്ടിക്കാട്ടി.
ശശികലയെ അറസ്റ്റ് ചെയ്തു വലിയ ആളാക്കിയ സര്‍ക്കാരിന് വലിയ നമസ്‌കാരം. ഭക്ത ആയിട്ടല്ല അവര്‍ ശബരിമലയില്‍ പോയതെന്നാണ് കരുതുന്നത്. ആര്‍ക്കും അറിയാത്ത ശശികലയെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ആളാക്കി മാറ്റിയത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാരിന്റെ അനാവശ്യ ധൃതിയാണ് എല്ലാ പ്രതിസന്ധികള്‍ക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിധി ഇന്ന ദിവസം നടപ്പാക്കണമെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ല. സുപ്രിംകോടതിയുടെ ഒരു നിര്‍ദേശവുമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ സര്‍വ കക്ഷിയോഗം വിളിച്ചിരുന്നെങ്കില്‍ ഒരു പ്രശ്‌നവുമുണ്ടാകില്ലായിരുന്നു. തീര്‍ത്ഥാടനത്തിന്റെ പരിശുദ്ധിയും വിശുദ്ധിയും ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശ്‌നം പരിഹരിക്കാനുള്ള ഏകമാര്‍ഗം ഭരണഘടനാഭേദഗതിയാണ്. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണ്ട് ഭരണഘടനാ ഭേദഗതി നടത്തണം. കേന്ദ്ര സര്‍ക്കാരാണ് ഇതുചെയ്യേണ്ടത്. ശ്രീധരന്‍ പിള്ള ഇവിടെ കിടന്ന് തുള്ളികളിക്കാതെ കേന്ദ്ര സര്‍ക്കാരിനെ സമീപ്പിക്കണം. ബി.ജെ.പി ചെയ്യേണ്ട കാര്യങ്ങള്‍ നടത്താതെ ഒളിച്ചോടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. ആരാധനാലയങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."