ശാസ്താങ്കല്‍ ജെട്ടിയില്‍ നാളെ മുതല്‍ ബോട്ട് അടുപ്പിക്കാന്‍ ധാരണ
പൂച്ചാക്കല്‍: പെരുമ്പളം ശാസ്താങ്കല്‍ ജെട്ടിയില്‍ നാളെ മുതല്‍ ബോട്ട് അടുപ്പിക്കാന്‍ ധാരണയായി. എന്നാല്‍ സര്‍വീസ് തുടങ്ങുന്നതുവരെ കായലിലെ ഉപരോധസമരം തുടരുമെന്ന് സമര നേതാക്കള്‍ അറിയിച്ചു. തൈക്കാട്ടുശേരി ബ്ലോക്കോഫിസില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.
എ എം.ആരീഫ് എം.എല്‍.എ മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചയില്‍ ജില്ലാ ആര്.ഡി.ഒ, ചേര്‍ത്തല ഡി.വൈ.എസ്.പി, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ട്രാഫിക് സൂപ്രണ്ട്, പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ്, സമര നേതാക്കളായ പി.റ്റി പ്രസന്നന്, പരമേശരന്‍, കെ.കെ.രാജേഷ് എന്നിവര്‍ പങ്കെടുത്തു.
ജെട്ടിയില്‍ ബോട്ട് അടുപ്പിക്കുന്നതു വരെ സമരം തുടരുമെന്നും ജനങ്ങളുടെ കൂട്ടായിമയുടെ ഫലമാണ് സമരം വിജയിച്ചതെന്ന് സമരസമിതി സെക്രട്ടറി പി.എന്‍ ബാബു പറഞ്ഞു. പെരുമ്പളം ശാസ്താങ്കല്‍ ബോട്ട് ജെട്ടിയില്‍ ബോട്ടുകള്‍ അടുപ്പിക്കാത്തതിനെതിരെ ശാസ്താങ്കല്‍ ബോട്ട് ജെട്ടി വികസന സമിതിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസമായി ഉപരോധ സമരം നടന്നു വരുകയായിരുന്നു.വള്ളങ്ങള്‍ കൂട്ടിയിട്ട് മുദ്രാവാക്യം മുഴക്കിയാണ് സമരം നടക്കുന്നത്. പെരുമ്പളം ദ്വീപിന്റെ തെക്ക് കിഴക്കന്‍ മേഖലയിലെ ബോട്ട് ജെട്ടിയാണ് ശാസ്താങ്കല്‍ ബോട്ട് ജെട്ടി.
വീട്ടമ്മമാര്‍ ഉള്‍പ്പടെ വലിയ ജനക്കൂട്ടമാണ് സമരത്തില്‍ പങ്കെടുത്തത്.പാണാവള്ളിപൂത്തോട്ട തുടങ്ങിയ റൂട്ടുകളിലെ ബോട്ടുകള്‍ സമരക്കാര്‍ തടഞ്ഞു. കോടതി വിധിയെ തുടര്‍ന്നാണ് ശാസ്താങ്കല്‍ ബോട്ട് ജെട്ടിയില്‍ ബോട്ടടുക്കുന്നത് ജലഗതാഗത വകുപ്പ് നിര്‍ത്തി വെച്ചത്. പഞ്ചായത്തിനും ജലഗതാഗത വകുപ്പിനും കോടതിയെ യഥാസമയം കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയാഞ്ഞത് കൊണ്ടാണ് ഇത്തരത്തില്‍ കോടതി വിധി ഉണ്ടായതെന്നാണ് സമരസമിതിയുടെ ആരോപണം.ചര്‍ച്ചയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജി.മുരളീധരന്,ജില്ലാപഞ്ചായത്തംഗം പി.എം.പ്രമോദ്, പി.ഡി.സജീവ്,പി.എ.അന്‍സ് തുടങ്ങിയ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."