മത്സ്യോത്സവവും മത്സ്യഅദാലത്തും ഓഗസ്റ്റ് 13 മുതല്‍ 15 വരെ ആലപ്പുഴയില്‍
ആലപ്പുഴ: മത്സ്യമേഖലയ്ക്ക് ഉണര്‍വു പകര്‍ന്ന് മത്സ്യോത്സവം ഓഗസ്റ്റ് 13 മുതല്‍ 15 വരെ ആലപ്പുഴ നഗരചത്വരത്തില്‍ നടക്കും. ഫിഷറീസ് വകുപ്പു മന്ത്രി പങ്കെടുക്കുന്ന മത്സ്യഅദാലത്ത്, മത്സ്യവിഭവ രുചികളുടെ കലവറ തുറക്കുന്ന ഫുഡ് ഫെസ്റ്റ്, തീരമൈത്രീ സംഗമം, മത്സ്യപ്രദര്‍ശനം, മത്സ്യത്തൊഴിലാളി കൂട്ടായ്മ, മത്സ്യത്തൊഴിലാളി വനിതാ സംഗമം, മത്സ്യകര്‍ഷക സംഗമം, കലാപരിപാടികള്‍ എന്നിവ ഇതോടനുബന്ധിച്ച് നടക്കും. ജില്ലയിലും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍നിന്നുമുള്ള വൈവിധ്യമാര്‍ന്ന മത്സ്യവിഭവങ്ങളുടെ സ്റ്റാളുകള്‍ തുറക്കും.
ഓഗസ്റ്റ് 13നാണ് ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ മേഖലയിലെ പരാതികള്‍ പരിഹരിക്കുന്നതിനായി മത്സ്യ അദാലത്ത് നടക്കുക. മത്സ്യോത്സവത്തിന്റെ ഉദ്ഘാടനവും അന്നു നടക്കും.
മത്സ്യോത്സവത്തിന്റെ നടത്തിപ്പിനായി മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ചാണ്ടി, പി. തിലോത്തമന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, നഗരസഭ ചെയര്‍മാന്‍ എന്നിവര്‍ രക്ഷാധികാരികളും ധനവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് ചെയര്‍മാനും മത്സ്യബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ വര്‍ക്കിങ് ചെയര്‍മാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.പി. അനിരുദ്ധനാണ് കണ്‍വീനര്‍. സബ് കമ്മിറ്റികളും രൂപീകരിച്ചു. സബ് കമ്മിറ്റികള്‍ ജൂലൈ അഞ്ചിനകം യോഗം ചേര്‍ന്ന് പരിപാടികള്‍ തീരുമാനിക്കും.
ജൂലൈ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാകളക്ടര്‍ വീണ എന്‍. മാധവന്‍ ആധ്യക്ഷ്യം വഹിച്ചു.
മത്സ്യബോര്‍ഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.പി. അനിരുദ്ധന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.
മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."