ഗാംഗോഹിലെ സ്ഥാനാര്‍ഥിയുടെ ലീഡ് കുറക്കാന്‍ ഇടപെട്ടു, കമ്മീഷന് അന്വേഷിക്കണം- ഉത്തര്‍പ്രദേശ് ബി.ജെ.പിക്കെതിരെ പ്രിയങ്ക
ലഖ്നൗ: ഉത്തര്‍പ്രദേശിലേത് വിജയപ്രതീക്ഷ നല്കുന്ന തോല്‍വിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ലെങ്കിലും വോട്ട് ശതമാനം ഇരട്ടിയാക്കാന്‍ സാധിച്ചതാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഭൂരിപക്ഷം സീറ്റുകളിലും നാലാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഇത്തവണ മൂന്ന് സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിനായി.
ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ചെറിയ നേട്ടത്തില്‍ താന്‍ സന്തോഷവതിയാണ്. തങ്ങളുടെ വോട്ട് ശതമാനം വര്‍ധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലെ 6.25 വോട്ട് ശതമാനത്തില്‍ നിന്ന് 11.7 ശതമാനത്തിലേക്കാണ് കോണ്‍ഗ്രസ് വളര്‍ന്നത്- പ്രിയങ്ക ഗാന്ധി പറഞ്ഞു. യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി നടത്തുന്ന പോരാട്ടം ജനങ്ങളുടെ ഹൃദയത്തെ വിജയിച്ചിരിക്കുന്നുവെന്ന് ഒരു മുന്‍ എം.പി പ്രതികരിച്ചു. 2022ല്‍ ബി.ജെ.പിയെ പ്രിയങ്ക ഫാക്ടര്‍ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാംഗോഹ് മണ്ഡലത്തില്‍ ബി.ജെ.പി ക്രമക്കേട് നടത്തിയതായി അവര്‍ ആരോപിച്ചു. ലീഡ് കുറക്കാനായി ബി.ജെ.പി നേതൃത്വം ഇടപെട്ടിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നാലോ അഞ്ചോ തവണ ഡി.എമ്മിന് ഇതിനായി ഫോണ്‍വഴി നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ക്രമക്കേട് സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഗാംഗോഹ് മണ്ഡലത്തില്‍ വിജയിക്കുമെന്ന് പലപ്പോഴും തോന്നിപ്പിച്ചെങ്കിലും അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നൊമാന്‍ മസൂദ് പരാജയപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."