ഹരിപ്പാട് ആക്രമണം: പൊലിസ് ഒത്താശയോടെയെന്ന് കെ.സി വേണുഗോപാല്‍
ഹരിപ്പാട്: കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ എസ് എഫ് ഐ, ഡി വൈ എഫ് ഐ നടത്തിയ ആക്രമം പോലീസിന്റെ തണലിലാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന്റെ വീട്ടില്‍ കയറി അമ്മയെ ഉള്‍പ്പെടെ മര്‍ദ്ദിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.കെ എസ് യു സംസ്ഥാന നേതാക്കന്മാരെ ഉള്‍പ്പെടെ മൃഗീയമായി മര്‍ദിച്ചിട്ടും പോലീസ് നടപടി എടുത്തില്ല. ഭരണത്തിന്റെ തണലില്‍ ഡി വൈ എഫ് ഐയും എസ് എഫ് ഐയും അഴിഞ്ഞാടുകയാണെന്നും അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് ഈ ഭരണ വിലാസം സംഘടനകളുടെ മുഖമുദ്രയെന്നും എം പി ആരോപിച്ചു. വീടുകയറിയും ആശുപത്രിയിലും ആക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. കണ്‍മുന്‍പില്‍ ആക്രമം നടന്നിട്ടും മൗനം പാലിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്.ഗുണ്ടാ സംഘങ്ങളെപോലെ മാരക ആയുധങ്ങളുമായി അക്രമി സംഘം മണിക്കൂറുകളോളം അക്രമം അഴിച്ചുവിട്ടു ജനങ്ങളെ ഭീതിയിലാക്കിയത് ഒരു രാഷ്ട്രീയ സംഘടനക്കോ രാഷ്ട്രീയ സംസ്‌കാരത്തിനോ യോജിച്ചതല്ല. രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീതിയിലാഴ്ത്തിയിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ല. ഈ സംഘടനകളുടെ ധാര്‍ഷ്ട്യത്തിനു പോലീസ് വഴങ്ങുകയാണ്. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ഹരിപ്പാട് സമാധാനം പുനസ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും എം പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."