ചിലിയും ജര്‍മനിയും ഒപ്പത്തിനൊപ്പം
കസാന്‍ (റഷ്യ): ആഴ്സണല്‍ താരം അലക്സിസ് സാഞ്ചസ് ചരിത്ര നേട്ടം സ്വന്തമാക്കിയ പോരാട്ടത്തില്‍ ജര്‍മനിക്കെതിരേ ചിലി സമനില കൊണ്ട് തൃപ്തിപ്പെട്ടു. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ശക്തരായ ചിലിക്കെതിരേ യുവ നിരയുടെ കരുത്തുമായി ഇറങ്ങിയ ജര്‍മനി 1-1ന് സമനില പിടിക്കുകയായിരുന്നു. കളിയുടെ ആറാം മിനുട്ടില്‍ തന്നെ വല ചലിപ്പിച്ച് സാഞ്ചസ് ചിലിയെ മുന്നില്‍ കടത്തി. കരിയറിലെ 38ാം അന്താരാഷ്ട്ര ഗോള്‍ നേടിയ സാഞ്ചസ് ചിലിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി. 37 ഗോളുകള്‍ നേടിയ മര്‍സലോ സലാസിന്റെ റെക്കോര്‍ഡാണ് സാഞ്ചസ് സ്വന്തം പേരിലാക്കിയത്.
രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരമെന്ന ഗോള്‍ കീപ്പര്‍ ക്ലൗഡിയോ ബ്രാവോയുടെ റെക്കോര്‍ഡിനൊപ്പമെത്താനും 112ാം മത്സരം കളിച്ച സാഞ്ചസിനായി. രണ്ട് മത്സരങ്ങളില്‍ ഓരോ വിജയവും സമനിലയുമുള്ള ഇരു ടീമുകളും സെമി പ്രതീക്ഷകള്‍ സജീവമാക്കി.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും നിരന്തരം ആക്രമണവുമായി കളം നിറഞ്ഞു. തുടക്കത്തില്‍ ചിലിക്കായിരുന്നു മുന്‍തൂക്കം. ആറാം മിനുട്ടില്‍ ജര്‍മന്‍ പ്രതിരോധ താരം മുസ്താഫി വരുത്തിയ പിഴവില്‍ നിന്നാണ് ചിലിയുടെ ഗോള്‍ പിറന്നത്. മുസ്താഫി തട്ടിക്കൊടുത്ത പന്ത് ജര്‍മന്‍ താരത്തിലെത്തും മുന്‍പ് പിടിച്ചെടുത്ത ആര്‍തുറോ വിദാല്‍ പന്ത് മുന്നോട്ട് കയറിയ സാഞ്ചസിന് നല്കുന്നു. ജര്‍മന്‍ ഗോള്‍ കീപ്പര്‍ ടെര് സ്റ്റീഗനെ കബളിപ്പിച്ച് സാഞ്ചസ് പന്ത് വലയിലാക്കി. ഗോള്‍ വഴങ്ങിയതോടെ ജര്‍മനി പ്രത്യാക്രമണം കടുപ്പിച്ചു. ആദ്യ പകുതി തീരാന്‍ മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ സ്റ്റിന്‍ഡില്‍ ജര്‍മനിയെ ഒപ്പമെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ പന്ത് കൈവശം വയ്ക്കുന്നതില്‍ ഇരു ടീമുകളും തുല്ല്യത പാലിച്ചെങ്കിലും ആക്രമണം കൂടുതല്‍ നടത്തിയത് ചിലിയായിരുന്നു. എന്നാല്‍ വിജയ ഗോള്‍ നേടാന്‍ മാത്രം ചിലിക്ക് സാധിക്കാതെ പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."