ആര്‍ത്തവം അശുദ്ധമല്ല: എല്ലാ കാംപസുകളിലും പരിപാടികളൊരുക്കി സര്‍ക്കാര്‍
തിരുവനന്തപുരം: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കരുത്, സ്ത്രീകളെ മാറ്റി നിര്‍ത്തരുത് എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാംപസുകളിലും മെഗാ കാംപയിന്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. സ്ത്രീ ശാക്തീകരണത്തിനായി സ്ത്രീധനം, ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയവക്കെതിരെ നടന്നുവരുന്ന 'സധൈര്യം മുന്നോട്ട്' തുടര്‍ കാംപയിന്റെ ഭാഗമായാണ് ഈ കാംപയിനും നടത്തുന്നത്. അടുത്ത മാസം 10 മുതല്‍ മാര്‍ച്ച് 8 വരെയാണ് കാംപയിന്‍. വനിതാ ശിശുവികസന വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷന്‍, ഐ.സി.ഡി.എസ്. എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
ആര്‍ത്തവം അശുദ്ധമല്ല എന്ന് യുവ തലമുറയ്ക്ക് ശാസ്ത്രീയമായി അവബോധം നല്‍കുന്നതിനായാണ് കാംപസുകളില്‍ കാംപയിനുകള്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെപ്പറ്റിയും അവബോധം നല്‍കും. ബഹുജന പങ്കാളിത്തത്തോടെ ജില്ലകളിലും പരിപാടികള്‍ സംഘടിപ്പിക്കും. പോസ്റ്റര്‍, പ്രശ്‌നോത്തരി, ലേഖനം തുടങ്ങിയ വിഷയങ്ങളില്‍ മത്സരങ്ങളും സംഘടിപ്പിക്കും. ലഘുലേഖകള്‍, വിഡിയോ പ്രദര്‍ശനം തുടങ്ങിയവയും പ്രചാരണത്തിനായി ഉപയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."