കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കാച്ചാണിയിലെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. വൈദ്യുതി മന്ത്രി എം.എം മണിയാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്.
സുഗമമായി കണക്ഷനുകള്‍ നല്‍കാനും ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കാണാനുമുള്ള സംവിധാനമായ സെക്ഷന്‍ ഓഫിസുകള്‍ക്ക് പ്രാധാന്യമുണ്ടെന്നും പ്രതികൂലമായ സാഹചര്യത്തിലും സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്താതെ മുന്നോട്ട് പോകാനായതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്ത് നിന്ന് വിലക്കുവാങ്ങുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗങ്ങള്‍ നാം തേടേണ്ടിവരും.
സോളാറും, ചെറുകിട ജലവൈദ്യുത പദ്ധതികളുമടക്കമുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട സെക്ഷനുകള്‍ വിഭജിച്ച് 21 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ രൂപീകൃതമായ കാച്ചാണി സെക്ഷന്റെ പരിധിയില്‍ 11505 ഉപഭോക്താക്കളുണ്ട്. അരുവിക്കര, വിളപ്പില്‍, കരകുളം പഞ്ചായത്തുകളിലെയും കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളായ നെട്ടയം, കാച്ചാണി, തുരുത്തുമൂല എന്നിവിടങ്ങളിലെ ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് പരിഹാരമായത്.
കെ.എസ് ശബരീനാഥന്‍ എം.എല്‍.എ അദ്ധ്യക്ഷനായ ചടങ്ങില്‍ കെ. ദിവാകരന്‍ എം.എല്‍.എ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, അരുവിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി, കരകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. എസ് അനില, കരകൗശല വികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."