ശബരിമല: അംഗബലം കൂട്ടാന്‍ ബി.ജെ.പി, പ്രതിരോധിക്കാന്‍ സി.പി.എം-സി.പി.ഐ
ജലീല്‍ അരൂക്കുറ്റി
കൊച്ചി: ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കി സംഘടനാശക്തി വിപുലീകരിക്കാന്‍ പദ്ധതിയിട്ട് ബി.ജെ.പി. ആര്‍.എസ്.എസ്-ബി.ജെ.പി നീക്കത്തെ തന്ത്രപരമായി പ്രതിരോധിക്കാന്‍ സി.പി.എം-സി.പി.ഐ ധാരണ. ഇതിന്റെ ഭാഗമായി ഇരുവിഭാഗവും കരുതലോടെയായിരിക്കും പ്രതികരിക്കുക. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരേ ഹൈന്ദവ വികാരം കൊണ്ടുവന്നതുവഴി ബി.ജെ.പിയോട് അകലം പാലിച്ചു നില്‍ക്കുന്നവരെ പാര്‍ട്ടി അംഗങ്ങളാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ആവിഷ്‌കരിച്ചത്. ശബരിമല വിഷയം സജീവമായി നിലനിര്‍ത്തുന്നതിനുള്ള പരിപാടികള്‍ നടത്താനാണ് ആലോചന. ആര്‍.എസ്.എസിനെയും മോര്‍ച്ച സംഘടനകളെയും പൂര്‍ണമായും ഉപയോഗപ്പെടുത്തി ബി.ജെ.പിയോട് അകന്നു നില്‍ക്കുന്ന ഹൈന്ദവ സംഘടനകളെയും ക്ഷേത്രസംഘടനകളെയും തങ്ങളുടെ അജന്‍ഡയിലേക്കു കൊണ്ടുവരാനും അതുവഴി നേട്ടമുണ്ടാക്കാനുമാണ് തീരുമാനം.
സുപ്രിംകോടതി വിധിക്കെതിരേയുള്ള സമരം എന്നതിനു പകരം വിശ്വാസികളുടെ വികാരം എന്ന രീതിയില്‍ മറ്റുള്ളവരെ മുന്നില്‍ നിര്‍ത്തി ശബരിമല വിഷയത്തിലുള്ള നീക്കം ശക്തിപ്പെടുത്തും. വിഷയത്തിലുള്ള വിശ്വാസികളുടെ ചായ്‌വ് അനുകൂലമാക്കി ഇതിനിടയില്‍ ബി.ജെ.പി അംഗത്വ കാംപയിനും സംഘടിപ്പിക്കും. ശബരിമലയിലെ ആചാരസംരക്ഷണം ആവശ്യപ്പെട്ട് ഒരു കോടി ഒപ്പുകള്‍ ശേഖരിച്ച് ഗവര്‍ണര്‍ക്കു നല്‍കാനാണ് പദ്ധതി. നവംബര്‍ 25 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന ഒപ്പുശേഖരണത്തിലൂടെ ഹൈന്ദവ വിശ്വാസികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ശബരിമലവിഷയം കൂടുതല്‍ സജീവമാക്കാനും ബി.ജെ.പിയിലേക്ക് കൂടുതല്‍ പേരെ അടുപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
മധ്യകേരളത്തില്‍ ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും അകലം പാലിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ സമുദായ സംഘടനകളുടെയും ക്ഷേത്ര സംഘടനകളുടെയും അംഗങ്ങളെ അടുപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ഒപ്പുശേഖരത്തിന് പിന്നാലെ ഡിസംബര്‍ അഞ്ച് മുതല്‍ പത്ത് വരെ ശബരിമല സംരക്ഷണ സദസുകള്‍ സംഘടിപ്പിക്കാനും ബി.ജെ.പി നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. ഈ പരിപാടികളിലെല്ലാം എന്‍.ഡി.എ ഘടകകക്ഷികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും തീരുമാനമായി.
എന്നാല്‍ ബി.ജെ.പി-ആര്‍.എസ്.എസ് നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കാനാണ് സി.പി.എം തീരുമാനം. സി.പി.ഐയുമായി യോജിച്ചാണ് സി.പി.എം ശക്തമായ പ്രതിരോധം തീര്‍ക്കുക. ശബരിമല വിഷയത്തിലുള്ള സമരം ആര്‍.എസ്.എസ്-ബി.ജെ.പി അജന്‍ഡയാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ഇരുപാര്‍ട്ടികളും സ്വീകരിക്കും. ചിത്തിര ആട്ടവിശേഷ ദിവസം നടന്ന പ്രതിഷേധങ്ങള്‍ ആര്‍.എസ്.എസ് സമരം മാത്രമാണെന്ന് സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചതായാണ് ഇരുപാര്‍ട്ടികളും വിലയിരുത്തുന്നത്. നവോത്ഥാന മൂല്യങ്ങളില്‍ കേന്ദ്രീകരിക്കുകയെന്ന രാഷ്ട്രീയ തീരുമാനം എടുക്കുമ്പോള്‍തന്നെ വിശ്വാസികളുടെ പിന്തുണ നിലനിര്‍ത്തുന്നതിന് ദേവസ്വം ബോര്‍ഡിനെ ഉപയോഗപ്പെടുത്താനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് സാവകാശ ഹരജി നല്‍കുന്നതില്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കാത്ത സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡിന് അത്തരമൊരു തീരുമാനം എടുക്കുന്നതിന് അനുവാദം നല്‍കിയത്. സര്‍വകക്ഷി യോഗത്തിന് മുന്‍പായി സി.പി.എം-സി.പി.ഐ നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ ധാരണയായിരുന്നു. ദേവസ്വം ബോര്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ സംഘ്പരിവാര്‍ ബന്ധമില്ലാത്ത വിശ്വാസികളുടെ പിന്തുണ നേടിയെടുക്കുന്നതിനായിരിക്കുമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും ധാരണയിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."