മഞ്ചേശ്വരത്ത് വിശ്വാസം രക്ഷിച്ചില്ല; സി.പി.എമ്മിന് വോട്ടുചോര്‍ച്ച
കാസര്‍കോട്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിശ്വാസമോ ഭാഷാന്യൂനപക്ഷ സ്വാധീനമോ മഞ്ചേശ്വരത്ത് സി.പി.എമ്മിനെ തുണച്ചില്ല. എം.ശങ്കര്‍ റൈയുടെ വ്യക്തിപ്രഭാവവും മണ്ഡലത്തിലെ ഭാഷാന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനവും ഉയര്‍ത്തിക്കാട്ടി വിജയം ലക്ഷ്യമാക്കി പ്രചാരണത്തിനിറങ്ങിയ സി.പി.എമ്മിനു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുപോലും നിലനിര്‍ത്താന്‍ കഴിയാത്തത് തിരിച്ചടിയായി. 2016ല്‍ സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു 42,562 വോട്ട് നേടിയിരുന്നു. എന്നിട്ടും ത്രികോണ മത്സരം നടന്ന ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു സി.പി.എം.
ഭാഷാന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ക്ഷേത്ര കമ്മിറ്റി പ്രഡിഡന്റും മതവിശ്വാസിയും കൂടിയായ ശങ്കര്‍ റൈയിലൂടെ മണ്ഡലത്തില്‍ വ്യക്തമായ ആധിപത്യമുറപ്പിക്കാമെന്നാണു സി.പി.എം കണക്കുകൂട്ടിയിരുന്നതെങ്കിലും നേടാന്‍ കഴിഞ്ഞത് 38,233 വോട്ടുകള്‍ മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 4,329 വോട്ടിന്റെ കുറവാണു രേഖപ്പെടുത്തിയത്. താന്‍ ശബരിമല വിശ്വാസിയാണെന്നും യുവതികള്‍ വ്രതമനുശഷ്ഠിച്ചുവേണം മല ചവിട്ടാന്‍ എന്നുമുള്ള ശങ്കര്‍ റൈയുടെ പ്രസ്താവനയാണു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല കടന്നുവരാന്‍ കാരണമായതും. കൂടുതല്‍ വിശ്വാസികളുള്ള മണ്ഡലത്തില്‍നിന്ന് വിശ്വാസി നിയമസഭയില്‍ എത്തിയാല്‍ എന്താണെന്നു ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ശങ്കര്‍ റൈയുടെ വിശ്വാസത്തെ പിന്തുണച്ചുവെങ്കിലും വിശ്വാസിവോട്ടര്‍മാര്‍ സി.പി.എമ്മിന്റെ വിശ്വാസത്തെ തഴഞ്ഞുവെന്നു തെന്നെയാണ് വോട്ടുനില സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ സ്ഥാനാര്‍ഥിയായിരുന്ന സി.പി.എം കെ.പി സതീഷ് ചന്ദ്രന്‍ നേടിയ വോട്ടിനേക്കാള്‍ 5,437 വോട്ട് അധികം നേടാന്‍ ശങ്കര്‍ റൈയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം, സി.പി.എമ്മിന്റെ ചില ഉറച്ച കോട്ടകളില്‍ വോട്ട് ചോര്‍ന്നുവെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. ഈ വോട്ടുകള്‍ എവിടേക്കു പോയി എന്നതു സി.പി.എമ്മിനുള്ളില്‍ വീണ്ടും ചര്‍ച്ചയായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."