ആമിനതാത്ത മുന്നില്‍ നിന്നു, കൊച്ചുമകളുടെ വിവാഹം ഹരിതചട്ട പ്രകാരം
മാലിന്യമുക്ത സന്ദേശത്തിന് മാതൃകയായി കാവിലുംപാറ സ്വദേശി
കോഴിക്കോട്: മാലിന്യ മുക്ത കേരളമെന്ന സ്വപനത്തിന് കരുത്തേകുകയാണ് കാവിലുംപാറയിലെ ആമിനതാത്ത. തന്റെ കൊച്ചുമകളുടെ കല്യാണം ഹരിതചട്ടപ്രകാരം നടത്തണമെന്ന ആവശ്യവുമായി അവര്‍ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിരിക്കുകയാണ്.
നാടും നഗരവും പ്ലാസ്റ്റിക് വിമുക്തമാക്കാനായി ഹരിത കേരള മിഷനും ജില്ലാ ഭരണകൂടവും മുന്നിട്ടിറങ്ങുമ്പോള്‍ ഇതിന് ശക്തിപകരുകയാണ് ആമിനാത്ത. കാവിലുംപാറ പഞ്ചായത്തിലെ വാര്‍ഡ് 11ലെ താമസക്കാരിയാണ് ആമിന.
പഞ്ചായത്തില്‍ നടന്ന ഹരിത നിയമാവലി പാഠത്തില്‍ നിന്ന് ഉള്‍ക്കൊണ്ട തിരിച്ചറിവില്‍ നിന്ന് നവംബര്‍ 10ന് നടക്കുന്ന തന്റെ കൊച്ചുമകളുടെ കല്യാണം ഹരിതചട്ടപ്രകാരം നടത്താനാണ് ആമിനയുടെ തീരുമാനം. ഈ കാര്യം എഴുതി കാവിലുംപാറ പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു. പ്ലാസ്റ്റിക് ആവരണമുള്ള ഡിസ്‌പോസിബിള്‍ പ്ലേറ്റില്‍ ചൂട് ഭക്ഷണം വിളമ്പി നല്‍കുന്നത് വിഷമാണെന്ന തിരിച്ചറിവാണ് ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആമിന പറയുന്നു. ഹരിതകേരളത്തിന്റെ സന്ദേശവാഹകരും ആമിനയെ പോലുള്ളവരാണ്.
ഉയര്‍ന്ന വിദ്യാഭ്യാസമില്ലാതിരുന്നിട്ടും ആമിനക്ക് ഉണ്ടായ തിരിച്ചറിവ് സമൂഹത്തിന് ആകെ മാതൃകയാക്കാവുന്നതാണെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രകാശ് പറഞ്ഞു. ഈ മുന്നേറ്റത്തിനുള്ള സമ്മാനമായി ഹരിതകല്യാണം സംബന്ധിച്ച സാക്ഷ്യപത്രവും ആമിനതാത്തക്ക് നല്‍കും.
കാവിലുംപാറ പഞ്ചായത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ ഗ്രാമസഭകളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് പറഞ്ഞു. നിര്‍ദ്ദേശം പാലിക്കാത്തവരുടെ വിവാഹങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കില്ലെന്ന തീരുമാനവും ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങുകളില്‍ ഭക്ഷണം കഴിക്കാന്‍ വാഴയിലകളും വെള്ളം കുടിക്കാല്‍ സ്റ്റീല്‍ ഗ്ലാസുകളും മാത്രം ഉപയോഗിക്കാനാണ് പഞ്ചായത്തിന്റെ നിര്‍ദേശം. ഈ നിര്‍ദേശം പാലിച്ചുകൊണ്ടാണ് ആമിനതാത്ത മുന്നോട്ട് വന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."