മാലദ്വീപ്: ഇബ്രാഹീം മുഹമ്മദ് സ്വാലിഹ് സത്യപ്രതിജ്ഞ ചെയ്തു
മാലെ: മാലദ്വീപിന്റെ ഏഴാമത്തെ പ്രസിഡന്റായി ഇബ്രാഹീം മുഹമ്മദ് സ്വാലിഹ് സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ മാലെയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 300 വിദേശ നേതാക്കളാണ് പങ്കെടുത്തത്.
12,000 പേരാണ് ചടങ്ങിന് സാക്ഷികളായത്. രാജ്യത്തുനിന്ന് അഴിമതിയും മോഷണവും നിര്‍മാര്‍ജനം ചെയ്യുമെന്നു പ്രഖ്യാപിച്ച മുഹമ്മദ് സ്വാലിഹ്, നീതിയും തുല്യതയും സ്ഥാപിക്കുമെന്നും വാഗ്ദാനം ചെയ്തു. ഏഴു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മാലദ്വീപ് സന്ദര്‍ശനം നടത്തുന്നത്. 2011 നവംബറില്‍ മന്മോഹന് സിങ്ങാണ് അവസാനമായി മാലദ്വീപ് സന്ദര്‍ശിച്ചത്. നിര്‍മാണം, ആരോഗ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാലദ്വീപിലെ പുതിയ സര്‍ക്കാരുമായി അടുത്തു പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം അറിയിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അബ്ദുല്ല യമീന്റെ മുന്‍ സര്‍ക്കാരിനു ചൈനീസ് ചായ്വുണ്ടായിരുന്നതിനാല് ഇന്ത്യയുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. കൂടാതെ, മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അബ്ദുല്ല യമീന് ഇന്ത്യയ്ക്കെതിരേ തിരിയുകയും ചെയ്തിരുന്നു.
സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അബ്ദുല്ല യമീനെയാണ് മുഹമ്മദ് സ്വാലിഹ് പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് അബ്ദുല്ല യമീന് കോടതിയെ സമീപിച്ചെങ്കിലും ഫലം കോടതി അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."