മേയര്‍ ബ്രോ ഇനി എം.എല്‍.എ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പലതുകൊണ്ടും ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായിരുന്നു തലസ്ഥാന ജില്ലയിലെ വട്ടിയൂര്‍ക്കാവ്. ആവേശോജ്വലമായ പോരാട്ടത്തിലൂടെ മണ്ഡലം എല്‍.ഡി.എഫ് തിരിച്ചുപിടിക്കുമ്പോള്‍ വിജയത്തിന്റെ മുഖ്യപങ്കും അവകാശപ്പെടാനാകുന്നത് ഇടതു സ്ഥാനാര്‍ഥിയായ തലസ്ഥാനത്തിന്റെ മേയര്‍ വി.കെ പ്രശാന്തിനു തന്നെയാണ്. മിന്നുന്ന വിജയത്തിലൂടെ മേയര്‍ ഇനി എം.എല്‍.എ ബ്രോ ആയി ഉയരുകയാണ്.
ശക്തമായ പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തിലും മേയറെന്ന നിലയുള്ള തിളക്കമാര്‍ന്ന പ്രകടനം, കഴിഞ്ഞ പ്രളയകാലത്ത് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, സി.പി.എം നേതാക്കളില്‍ വ്യത്യസ്തനായി സൗമ്യനായ ചെറുപ്പക്കാരനെന്ന സല്‍പ്പേര്, യുവാക്കളുടെ പ്രതീക്ഷയും എല്ലാം ചേര്‍ന്നപ്പോഴാണ് വി.കെ പ്രശാന്തിന്റെ വിജയം സാധ്യമായത്.
2005-2010 കാലയളവില്‍ കഴക്കൂട്ടം ഗ്രാമപഞ്ചായത്ത് മെമ്പറായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം വാര്‍ഡിനെ പ്രതിനിധീകരിച്ച് പ്രശാന്ത് നഗരസഭയിലേക്ക് മത്സരിക്കുന്നത്. അവിടെനിന്ന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് പ്രശാന്ത് മേയര്‍ സ്ഥാനത്തേക്കും എത്തി.
സി.പി.എം മത്സരിപ്പിച്ച മുതിര്‍ന്ന നേതാക്കളെല്ലാം പരാജയപ്പെട്ടപ്പോള്‍ മേയര്‍ സ്ഥാനം പ്രശാന്തിലേക്ക് എത്തുകയായിരുന്നു. 100 വാര്‍ഡുകളുള്ള വമ്പന്‍ നഗരസഭയില്‍ 35 ബി.ജെ.പി അംഗങ്ങളും 21 യു.ഡി.എഫ് അംഗങ്ങളുമുള്ള ശക്തമായ പ്രതിപക്ഷത്തിനിടയില്‍ 43 അംഗങ്ങളുമായി മികച്ച ഭരണം കാഴ്ചവച്ചത് ജനങ്ങള്‍ സ്വീകരിച്ചു എന്നാണ് ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നേട്ടം കൂടി സ്വന്തമാക്കിയ പ്രശാന്തിന്റെ വിജയം നല്‍കുന്ന സൂചന.
നഗരസഭയുടെ ധനകാര്യ മാനേജ്‌മെന്റിലും പദ്ധതി പ്രവര്‍ത്തനങ്ങളിലും ഫണ്ട് സ്വരൂപിക്കുന്നതിലും മേയറുടെ പങ്ക് ശ്രദ്ധേയമായിരുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രശാന്തിനു കീഴില്‍ അഞ്ച് പ്രധാന അംഗീകാരങ്ങള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചത് പ്രവര്‍ത്തന മികവിന്റെ ഫലം തന്നെയാണ്.
ഈ നേട്ടങ്ങള്‍ക്കൊപ്പം കഴിഞ്ഞ പ്രളയകാലത്ത് മേയറുടെ നേതൃത്വത്തില്‍ വടക്കന്‍ ജില്ലകളിലേക്ക് നൂറിലേറെ ലോഡ് അവശ്യസാധനങ്ങള്‍ കയറ്റിയയച്ചതിലൂടെ പ്രശാന്ത് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു. ഇവിടെനിന്നാണ് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിത്വത്തിലേക്കുപോലും പ്രശാന്ത് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."