ഇടത്തേക്ക് വീശിയ കോന്നിക്കൊടുങ്കാറ്റ്
കൊച്ചി: രാഷ്ട്രീയത്തിനപ്പുറം ജാതിയും സമുദായവും വിശ്വാസവും പ്രചാരണം 'നയിച്ച' യു.ഡി.എഫ് കോട്ടയായ കോന്നി വര്‍ഷങ്ങള്‍ക്കിപ്പുറം ഡി.വൈ.എഫ്.ഐ നേതാവ് കെ.യു ജനീഷ്‌കുമാറിലൂടെ എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. 9953 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഡ്വ. പി. മോഹന്‍രാജിനെ പരാജയപ്പെടുത്തി 23 വര്‍ഷത്തെ യു.ഡി.എഫ് അപ്രമാദിത്വം ജനീഷിലൂടെ ഇടതുമുന്നണി അവസാനിപ്പിച്ചത്.
ഇതോടെ പത്തനംതിട്ട ജില്ലയിലെ ആകെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫിന് സ്വന്തമായി. ജനീഷ്‌കുമാറിന് ആകെ 54,099 വോട്ടും (39), മോഹന്‍ രാജിന് 44,146 വോട്ടും (31.82), എന്‍.ഡി.എയിലെ കെ. സുരേന്ദ്രന് 39,786 വോട്ടും (28.68) ലഭിച്ചു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 2047 വോട്ടുകളുടെ വര്‍ധനവാണ് ഇത്തവണ ഇടതുമുന്നണിക്ക് ഉണ്ടായിരിക്കുന്നത്.
അതായത്, 2.67 ശതമാനത്തിന്റെ വര്‍ധന. യു.ഡി.എഫിനാകട്ടെ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അടൂര്‍ പ്രകാശ് നേടിയ 72,800 (50.81) എന്ന മാന്ത്രികസംഖ്യയില്‍ നിന്നും 44,146 ലേക്കെത്തുമ്പോള്‍ 28,654 വോട്ടുകളുടെ കുറവാണുണ്ടായിരിക്കുന്നത്. 18.99 ശതമാനം കുറവ്. എന്‍.ഡി.എ ആകട്ടെ തോറ്റെങ്കിലും നില മെച്ചെപ്പെടുത്തി. 23,073 വോട്ടുകളുടെ വര്‍ധനയാണ് എന്‍.ഡി.എ സുരേന്ദ്രനിലൂടെ നേടിയത്. 17.02 ശതമാനം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചും യു.ഡി.എഫിന് കനത്ത തിരിച്ചടിതന്നെയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ലോക്‌സഭയേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ എല്‍.ഡി.എഫിനു മാത്രമാണ് സാധിച്ചത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇടതിന് ലോക്‌സഭയേക്കാള്‍ 7153 വോട്ടുകളുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ യു.ഡി.എഫിന് 5521 ന്റെയും എന്‍.ഡി.എയ്ക്ക് 6720 വോട്ടുകളുടെയും കുറവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കെ.യു ജനീഷ് കുമാര്‍
സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന യുവജന കമ്മിഷന്‍ അംഗവുമാണ്. 2010ല്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ചിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എല്‍.എല്‍.ബിയും നേടി.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി, മഹാത്മാഗാന്ധി സര്‍വകലാശാല യൂനിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
റഷ്യയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സീതത്തോട്ടിലെ ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകന്‍ പരേതനായ പി.എ ഉത്തമന്‍-വിജയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അനുമോള്‍ (സീതത്തോട് സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരി). മക്കള്‍: നൃപന്‍ കെ. ജനീഷ്, ആസിഫ് അനു ജനീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."