ഗോകുലം ഇന്ന് മിനര്വക്കെതിരേ
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ ഇന്ന് ഗോകുലം എഫ്.സി മിനര്‍വ പഞ്ചാബിനെ നേരിടും. രാത്രി 7.30ന് ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരം. അവസാനം നടന്ന ഹോം മത്സരത്തില്‍ ഷില്ലോങ് ലജോങിനെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ തകര്‍ത്ത് വിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ടീം.
മികച്ച ഫോമില്‍ കളിക്കുന്ന മലയാളി താരങ്ങളായ വി.പി സുഹൈര്‍, രാജേഷ്, ഗനി നിഗം എന്നിവരില്‍ തന്നെയാണ് ഇന്നും ഗോകുലത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ കോഴിക്കോട്ട് നടന്ന ടൂര്‍ണമെന്റില്‍ മിനര്‍വ ഗോകുലത്തെ പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ കണക്ക് തീര്‍ക്കാനുള്ള സുവര്‍ണാവസരം കൂടിയാണിന്ന് ഗോകുലത്തിന്.
ടീമിന്റെ രണ്ടാം സീസണില്‍ മികച്ച തുടക്കമാണ് ടീമിന് ലഭിച്ചിട്ടുള്ളത്. നാലു മത്സരത്തില്‍നിന്ന് ഒരു തോല്‍വി മാത്രമാണ് ഗോകുലത്തിന് വഴങ്ങേണ്ടി വന്നത്. ഗോകുലത്തിന്റെ മുന്നേറ്റനിരയിലുള്ള അന്റോണിയോ ജര്‍മന്‍ ഫോമിലേക്ക് തിരിച്ചുവരുന്നതും ഗോകുലത്തിന് പ്രതീക്ഷ നല്കുന്ന കാര്യമാണ്.
ഗോകുലത്തിന്റെ മുന്നേറ്റനിരയില്‍ പുതിയൊരു വിദേശ താരത്തെകൂടി അധികൃതര്‍ എത്തിച്ചിട്ടുണ്ട്. പുതിയ താരത്തെ ഇന്നത്തെ മത്സരത്തില്‍ ഇറക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പനി കാരണം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന മലയാളി താരം അര്ജുന് ജയരാജ് ടീമിലേക്ക് തിരിച്ചെത്തിയത് പ്രതീക്ഷ നല്കുന്ന കാര്യമാണ്. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ജയരാജിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. ലജോങിനെതിരേ മത്സരിച്ച ടീമില്‍ മാറ്റം വരുത്താനിടയില്ലെന്ന സൂചനയും പരിശീലകന് ബിനോ ജോര്‍ജ് പറഞ്ഞു. സസ്പെന്‍ഷനിലായ മൂസ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. കഴിഞ്ഞ മത്സരത്തിലെ വിജയം താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഇത് താരങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നുണ്ടെന്നും ബിനോ പറഞ്ഞു. ഇന്ന് മൂന്ന് പോയിന്റ് മാത്രമാണ് ടീം ലക്ഷ്യമിടുന്നത്. ഇതിനായി നല്ലരീതിയില്‍ ഒരുങ്ങിയിട്ടുണ്ടെന്നും ബിനോ കൂട്ടിച്ചേര്‍ത്തു. മൂന്ന് മത്സരം കളിച്ച മിനര്‍വ പട്ടികയില്‍ ഏഴാം സ്ഥാനത്താണുള്ളത്. മൂന്ന് മത്സരത്തില്‍ ഒരോന്ന് വീതം ജയവും സമനിലയും തോല്‍വിയുമാണ് ടീമിന്റെ സമ്പാദ്യം. മികച്ച ഫോമിലുള്ള ഗോകുലത്തിനെ പരാജയപ്പെടുത്തുക എന്നത് ചെറിയ കാര്യമല്ലെന്നും സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൂടിയാകുമ്പോള്‍ മിനര്‍വക്ക് വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നും മിനര്‍വ പഞ്ചാബ് പരിശീലകന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."