ഇംഗ്ലണ്ട്- ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
കാന്‍ഡി: ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ജയത്തിലേക്ക് വെറും 75 റണ്‍സ് ആവശ്യമുള്ള ലങ്കയ്ക്ക് പക്ഷേ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് കൈയിലുള്ളത്. അതേസമയം, അവസാന ദിനമായ ഇന്ന് ലങ്കയുടെ അവശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ പിഴുതാല്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റും ജയിച്ച് ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം.
ആദ്യ മത്സരത്തില്‍ അവര്‍ 211 റണ്‍സിന്റെ കൂറ്റന്‍ ജയം അക്കൗണ്ടിലാക്കിയിരുന്നു. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ലങ്ക ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 226 റണ്‍സെന്ന നിലയിലാണ്. 30 പന്തില്‍ 27 റണ്‍സെടുന്ന നിരോഷന്‍ ഡിക് വെല്ലയാണ് ക്രീസില്‍.
രണ്ടാം ടെസ്റ്റില്‍ ടോസ് ജയിച്ച് ആദ്യ ഇന്നിങ്‌സ് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ ലങ്ക ദില്‍റുവന്‍ പെരേരയുടെയും (4 വിക്കറ്റ്) പുഷ്പകുമാരയുടെയും(3 വിക്കറ്റ്) ബൗളിങ് മികവില്‍ 290ന് പുറത്താക്കി.
ജോസ് ബട്ട്‌ലര്‍ക്കും (63) സാം കുറാനും (64) മാത്രമാണ് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി പൊരുതാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ലങ്ക കരുണ രത്‌നയുടെയും (63) ധനഞ്ജയ ഡി സില്‍വയുടെയും (59) റോഷന്‍ സില്‍വയുടെയും (85 ) ബാറ്റില്‍ പിന്‍ബലത്തില്‍ 336 റണ്‍സെടുത്ത് ലീഡ് നേടി. എന്നാല്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഇംഗ്ലണ്ട് 346 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായതോടെ ജയിക്കാന്‍ ലങ്കയ്ക്ക് 301 റണ്‍സെന്ന അവസ്ഥയിലായി. 124 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങിന് മൂര്‍ച്ചകൂട്ടിയത്. 301 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലങ്കയ്ക്ക് മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിന്റെ(88) പ്രകടനമാണ് നിര്‍ണായകമായത്.
കരുണ രത്‌നെ 57 റണ്‍സുമെടുത്തു. ലങ്കയുടെ നാല് വിക്കറ്റുകള്‍ പിഴുത ഇംഗ്ലണ്ട് ബൗളര്‍ മാത്യു ലീച്ചാണ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."