തമ്മിലടിച്ച് കളഞ്ഞത് 'കൈ'ക്കുള്ളിലെ കോട്ട
കൊച്ചി: 'കൈ'ക്കുള്ളിലെ കോട്ട കാക്കാനാകാതെ യു.ഡി.എഫ് തകര്‍ന്നുപോയതിനു പിന്നില്‍ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍. കോന്നി മണ്ഡലത്തെ യു.ഡി.എഫിന്റെ ഉരുക്കുകോട്ടയാക്കിത്തീര്‍ത്ത അടൂര്‍ പ്രകാശ് എം.പിയുടെ താല്‍പര്യത്തെ തള്ളി മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. പി. മോഹന്‍രാജിനെ സ്ഥാനാര്‍ഥിയാക്കിയതു മുതല്‍ ഉയര്‍ന്ന അതൃപ്തി അവസാനിച്ചത് എല്‍.ഡി.എഫിന്റെ ചരിത്ര വിജയത്തില്‍! തമ്മിലടിക്കു പുറമേ, ജാതി-മത സാധ്യതകളെ അമിതമായി കൂട്ടുപിടിച്ചതും യു.ഡി.എഫിനു വിനയായി.
തമ്മിലടി പരാജയകാരണമായെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നതോടെ പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍ വന്‍ പൊട്ടിത്തെറിക്കു സാധ്യതയുണ്ട്. സ്ഥാനാര്‍ഥി പി. മോഹന്‍രാജിനെ കാലുവാരി തോല്‍പ്പിച്ചതാണെന്ന ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജിന്റെ പരസ്യ പ്രസ്താവന ഇതിന്റെ സൂചനയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ തുടക്കംമുതല്‍ ഇടഞ്ഞു നില്‍ക്കുന്ന അടൂര്‍ പ്രകാശിനെയാണ് ബാബു ജോര്‍ജ് ഉന്നം വയ്ക്കുന്നത്. തന്റെ വിശ്വസ്തന്‍ റോബിന്‍ പീറ്ററിന്റെ പേരാണ് പ്രകാശ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം മോഹന്‍രാജിലേക്ക് സ്ഥാനാര്‍ഥിത്വം എത്തുകയായിരുന്നു.
ഇതിന്റെ പേരില്‍ പ്രചാരണ പരിപാടികളില്‍നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഇടപെട്ടാണ് പ്രകാശിനെ പിന്തിരിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം പ്രചാരണത്തിനെത്തിയെങ്കിലും അവസാനഘട്ടത്തില്‍ പിന്മാറി. ഇതു തിരിച്ചടിയാകുമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആശങ്കയുണ്ടായിരുന്നു.
അതു ഫലത്തില്‍വന്നെന്നാണ് നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. ആകെയുള്ള 11 പഞ്ചായത്തുകളിലെ ആധിപത്യമുള്ള പല ഇടങ്ങളിലും മോഹന്‍രാജിന് ഒരു ഘട്ടത്തിലും ലീഡുയര്‍ത്താനായില്ല. പരമ്പരാഗത വോട്ടുകളില്‍പ്പോലും വിള്ളലുണ്ടായി. തുണയ്ക്കുമെന്ന് കരുതിയ ജാതി, മത സമവാക്യങ്ങളും അടൂര്‍ പ്രകാശിന്റെ പ്രതിച്ഛായയും കൈയൊഴിയുന്ന കാഴ്ചയാണ് കോന്നിയില്‍ കണ്ടത്. സുകുമാരന്‍ നായരുടെ ആഹ്വാനം എന്‍.എസ്.എസ് വോട്ടുകളില്‍ യാതൊരു ചലനവും സൃഷ്ടിച്ചില്ലെന്നു മാത്രമല്ല, അവ ഇടത്-എന്‍.ഡി.എ ക്യാംപുകളിലേക്ക് വഴിമാറുകയും ചെയ്തു.
ഓര്‍ത്തഡോക്‌സ് വോട്ടുകളിലും കണക്കുകൂട്ടല്‍ തെറ്റി. ഇത്തരത്തില്‍ തോല്‍വിക്ക് പലവിധ കാരണങ്ങള്‍ കണ്ടെത്തുമ്പോഴും അടൂര്‍ പ്രകാശിന്റെ നിലപാടു തന്നെയാണ് പ്രധാനം എന്നാണ് പാര്‍ട്ടി കരുതുന്നത്. അതേസമയം, കോന്നിയിലെ പൊട്ടിത്തെറി ജില്ലയില്‍മാത്രം ഒതുങ്ങി നില്‍ക്കില്ലെന്നാണ് സൂചന. അടൂര്‍ പ്രകാശിനെതിരേ പരോക്ഷ വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താനും ടി.എന്‍ പ്രതാപനും രംഗത്തെത്തിക്കഴിഞ്ഞു.
തിരുവനന്തപുരം: പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടതും കോണ്‍ഗ്രസിലെ തമ്മിലടിയും ഉപതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തിരിച്ചടിയായി. അരൂര്‍ മണ്ഡലത്തില്‍ ചരിത്ര വിജയം നേടാനായെങ്കിലും വട്ടിയൂര്‍ക്കാവ് നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന് സമാനതകളില്ലാത്ത നഷ്ടമാണ്.
പാലായില്‍ കേരള കോണ്‍ഗ്രസില്‍ ഉണ്ടായ പ്രശ്‌നം പരിഹരിക്കുന്നതില്‍ യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടതുപോലെ, വട്ടിയൂര്‍ക്കാവിലും അരൂരിലും പ്രശ്‌നങ്ങള്‍ ആന്തരികമായി പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. അതിന്റെ തെളിവാണ് എന്‍.എസ്.എസ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയാതെ പോയത്.
വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കെ.മുരളീധരന്റെ മണ്ഡലമായിരുന്നു. മുരളിക്കുള്ള വ്യക്തിബന്ധങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസിന് വോട്ട് ലഭിക്കുകകൂടി ചെയ്തതോടെയാണ് അദ്ദേഹം ഇവിടെ തുടര്‍ച്ചയായി വിജയിച്ചിരുന്നത്. മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അത് എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ മുരളീധരന്‍ മുന്നോട്ടുവച്ച പീതാംബര കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കാതിരുന്നത് കോണ്‍ഗ്രസിനു പറ്റിയ ഒരു പാളിച്ചയായിരുന്നു. മാത്രമല്ല മുരളീധരനും ശശി തരൂരും തുടക്കത്തില്‍ പ്രചാരണത്തില്‍നിന്നു വിട്ടുനിന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി. പ്രശ്‌നങ്ങള്‍ പരിഹരിച്ച് സ്ഥാനാര്‍ഥി മോഹികളെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനും കോണ്‍ഗ്രസ് നേതൃത്വം വട്ടിയൂര്‍ക്കാവില്‍ ശ്രമിച്ചില്ല.
കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ എറണാകുളം മണ്ഡലം നിലനിര്‍ത്താനായെങ്കിലും അത് അവിടത്തെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു. ഉറച്ച കോട്ടകളിലെല്ലാം വോട്ടുചോര്‍ച്ചയുണ്ടായി എന്നതായിരുന്നു ഇതിന് ഒരു പ്രധാന കാരണം.
പോളിങ് ദിവസത്തെ കനത്ത മഴയും വെള്ളക്കെട്ടും ഒരു കാരണമായിരുന്നു എന്നു പറയുമ്പോഴും എറണാകുളത്തെ ദൗര്‍ബല്യങ്ങള്‍ കാണാതെപോയാല്‍ കോണ്‍ഗ്രസിന് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത് കനത്ത തിരിച്ചടിയായിരിക്കും.
പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതില്‍ യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വങ്ങള്‍ക്കുള്ള ദൗര്‍ബല്യം മുന്നണിയുടെ കെട്ടുറപ്പിനെ മാത്രമല്ല തെരഞ്ഞെടുപ്പിലെ പ്രകടനങ്ങളെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."