ബലാത്സംഗം ചെയ്ത് ഒഴിവാക്കാന്‍ സയനൈഡ് നല്‍കും, കൊന്നത് 20 യുവതികളെ; 17-ാമത്തെ കേസിലും 'സയനൈഡ് മോഹന്' വധശിക്ഷ
ബംഗളൂരു: കര്‍ണാടകയിലെ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന് 17-ാം കേസിലും വധശിക്ഷ. ഇതോടെ 20 യുവതികളെ കൊന്ന കേസില്‍ നാലാമത്തെ വധശിക്ഷാ വിധിയാണ് ഇയാള്‍ നേരിടുന്നത്. മറ്റുള്ള കേസുകളില്‍ ജീവപര്യന്തം ശിക്ഷാവിധി നേരിടുകയാണിയാള്‍.
ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ താലൂക്കില്‍ ബേല്‍പുനിയെ അങ്കണവാടി ജോലിക്കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് ഇപ്പോഴത്തെ വിധി. 2005 ഒക്ടോബറിനായിരുന്നു സംഭവം.
നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് സയനൈഡ് മോഹനെതിരെ വധശിക്ഷ വിധിച്ചത്. വിധി ഹൈക്കോടതി ശരിവച്ചാല്‍ മാത്രമേ വധശിക്ഷ നടപ്പാവുകയുള്ളൂ. നേരത്തെ രണ്ടു കേസുകളില്‍ വിധിച്ചിരുന്ന വധശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. മൂന്നാം കേസില്‍ വധശിക്ഷ ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മറ്റു മൂന്നെണ്ണം കോടതിയില്‍ വാദത്തിലിരിക്കുകയാണ്.
വധശിക്ഷയ്ക്കു പുറമെ, ബലാത്സംഗത്തിന് ജയില്‍ശിക്ഷയും പിഴയും വിധിച്ചിട്ടുണ്ട്. 10 വര്‍ഷത്തെ കഠിനശിക്ഷയും 5000 രൂപ പിഴയുമാണ് ശിക്ഷ.
നിലവില്‍ ബലേഗാവി ഹിന്‍ഡാല്‍ഗ സെന്‍ട്രല്‍ ജയിലിലുള്ള മോഹനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.
കൊലപാതക ശൈലി വിചിത്രം
20 കേസുകളാണ് തെളിഞ്ഞതെങ്കിലും 32 കേസുകളില്‍ മോഹന് പങ്കുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. എല്ലാ ഇരകളും സ്ത്രീകളും കൊല്ലപ്പെട്ടത് സയനൈഡ് ഗുളിക കഴിച്ചുമാണ്.
വിവാഹ വാഗ്ദാനം ചെയ്താണ് മോഹന്‍ സ്ത്രീകളെ വശത്താക്കിയിരുന്നത്. തുടര്‍ന്ന് ബലാത്സംഗം ചെയ്ത് അടുത്ത ബസ് സ്റ്റാന്റിനടുത്ത് കൊണ്ടുപോകും. ബസ് സ്റ്റാന്റില്‍ വച്ച് ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് കലര്‍ത്തിയ ഗുളിക നല്‍കും. ഗുളിക കഴിച്ചാല്‍ ക്ഷീണമുണ്ടാവുമെന്ന് പറഞ്ഞ് ടോയ്‌ലറ്റിലോക്കോ വിശ്രമമുറിയിലേക്കോ പറഞ്ഞയക്കും. ഇതാണ് മോഹനന്റെ കൊലപാതക രീതി.
മൈസൂരു അടക്കം നിരവധി നഗരങ്ങളില്‍ ഇങ്ങനെ സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ ആദ്യം കരുതിയിരുന്നത് ആത്മഹത്യയെന്നായിരുന്നു. പിന്നീട് നടത്തിയ അന്വേഷണങ്ങളിലാണ് സീരിയല്‍ കില്ലിങാണെന്ന കഥ പുറത്തറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."