ഇഖ്ബാലിന്റെ പാഠപുസ്തകങ്ങള്‍
#ഡോ. കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്
ഭാരതീയ സംസ്‌കാരത്തോട് ഇഴചേര്‍ന്ന് വളര്‍ന്ന് ലോകത്ത് കൂടുതല്‍ പ്രചാരം നേടിയ ഭാഷയാണ് ഉറുദു. ആ ഭാഷയുടെ അവാച്യമായ മാധുര്യവും സാഹിത്യ കുലീനതയും ജനഹൃദയങ്ങളെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ഉറുദു ഭാഷാ സാഹിത്യത്തിന്റെ സമ്പന്നതയ്ക്കു വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച തത്വജ്ഞാനിയാണ് മഹാകവി അല്ലാമാ ഇഖ്ബാല്‍. ഇഖ്ബാലിന്റെ ജന്മദിനമായ നവംബര്‍ ഒന്‍പത് ലോകമാകെ ഉറുദു ദിനമായാണ് ആചരിച്ചുവരുന്നത്.
കിഴക്കിന്റെ കവിയായി അറിയപ്പെടുന്ന അല്ലാമാ ഇഖ്ബാലിനെ തത്വജ്ഞാനത്തിന്റെ കവിയായി ഗണിച്ചുപോരുന്നു. എന്നാല്‍ ഇഖ്ബാലിന്റെ ബഹുമുഖപ്രതിഭയെക്കുറിച്ച് പലരും അജ്ഞരാണ്. കുട്ടികള്‍ക്കുവേണ്ടി നിരവധി കവിതകള്‍ രചിച്ച ഇഖ്ബാല്‍ വിവിധ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളും തയാറാക്കിയിട്ടുണ്ട്. ഉറുദുവിലും ഫാര്‍സിയിലുമാണ് അദ്ദേഹം വിദ്യാര്‍ഥികള്‍ക്കുവേണ്ട പാഠപുസ്തകം തയാറാക്കിയത്. 'ഉറുദു കോഴ്‌സ് ' എന്ന ശീര്‍ഷകത്തില്‍ പഞ്ചാബ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സെക്രട്ടറി ഹക്കീം അഹ്മദ് ശുജാഉമൊത്ത് നാലു പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചത്.
അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി 1924ല്‍ നാലു പുസ്തകങ്ങള്‍ ഇഖ്ബാല്‍ തയാറാക്കിയിരുന്നു. പഞ്ചാബ് ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയുടെ 'ഉറുദു കമ്മിറ്റി'യുടെ മേല്‍നോട്ടത്തില്‍ 1925 ജനുവരി 12നാണ് ഈ പുസ്തകങ്ങള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. ലാഹോറിലെ ഗുലാബ്ചന്ദ് ആന്‍ഡ് സണ്‍സ് ബുക്ക് സെല്ലര്‍ ആന്‍ഡ് പബ്ലിഷര്‍ തങ്ങളുടെ അച്ചടിശാലയായ പഞ്ചാബ് ആര്‍ട്ട് പ്രസ് ലാഹോറില്‍നിന്ന് ബാപ്പു പ്യാരെ ലാലിന്റെ മേല്‍നോട്ടത്തിലായിരുന്നു അച്ചടിയും പ്രസാധനവും. ഡോ. റഫീഉദ്ദീന്‍ ഹാശിമിന്റെ ഗവേഷണഗ്രന്ഥമായ 'തസാനീഫെ ഇഖ്ബാല്‍'ല്‍ ഈ ഗ്രന്ഥത്തെ കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്.
പുസ്തകത്തിന്റെ ആരംഭത്തില്‍ മൗലാന അല്‍താഫ് ഹുസൈന്‍ ഹാലിയുടെ 'ഖുദാ കീ ഖുദ്‌റത്ത് ' എന്ന പ്രാര്‍ഥനാഗീതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം പാഠം മൗലവി നസീര്‍ അഹ്മദിന്റെ 'അദബ് ' ആണ്. ഗദ്യവും പദ്യവും ഇടവിട്ടാണു പുസ്തകം തയാറാക്കിയിരിക്കുന്നത്. പദ്യത്തില്‍ അഫ്‌സര്‍ മീരഠി, തിലോക് ചന്ദ് മഹ്‌റൂം, മൗലാന ഹാമിദ് ഹുസൈന്‍ ഖാദിരി, മൗലവി മുഹമ്മദ് ഇസ്മാഈല്‍, സീമാബ് അക്ബര്‍ ആബാദി, മൗലവി സയ്യിദ് അഹ്മദ് കബീര്‍ തുടങ്ങിയ പ്രമുഖരുടെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗദ്യത്തില്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്‍, പണ്ഡിത് രതന്‍ നാഥ് സര്‍ശാര്‍, സുദര്‍ശന്‍, മുന്‍ഷി പ്രേം ചന്ദ്, മുഹമ്മദ് ഹുസൈന്‍ മെഹ്‌വി, സര്‍ അബ്ദുല്‍ ഖാദിര്‍, നവാബ് മുഹ്‌സിനുല്‍ മുല്‍ക് തുടങ്ങിയവരുടെ ലേഖനങ്ങളുമാണുള്ളത്.
ആറാം ക്ലാസിലേക്കായി തയാറാക്കിയ പുസ്തകത്തില്‍ 22 കവിതകളും 24 ഗദ്യപാഠങ്ങളുമുണ്ട്. ശാസ്ത്രവും മതവും രാജ്യസ്‌നേഹവും പാഠപുസ്തകങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രാര്‍ഥനകൊണ്ട് ആരംഭിക്കുന്ന പദ്യവിഭാഗത്തില്‍ സര്‍സമീനെ ഹിന്ദി, സഫാഇ, ശറാഫത്ത്, സപൂത്ത്, മുര്‍ഗ് അസീം, ഇസ്സത്ത്, ഗംഗാ കേ കിനാരെ തുടങ്ങിയവ അടങ്ങുന്നു. ഈ പാഠപുസ്തകത്തില്‍ ഗദ്യരചയിതാക്കളുടെയും കവികളുടെയും പേരുകളില്ല. ഇഖ്ബാലിന്റെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പേര് രേഖപ്പെടുത്തിയിട്ടില്ല.
പുസ്തകത്തിന്റെ ആമുഖത്തില്‍ ഇഖ്ബാല്‍ ഇങ്ങനെ പറയുന്നു: ''കാലഘട്ടത്തിന്റെ ആവശ്യകത മനസിലാക്കിയുള്ള പാഠപുസ്‌കത രചന പാശ്ചാത്യ സ്വാധീനത്തിനടിമപ്പെട്ടല്ല, പൂര്‍വകാല അധ്യാപകരുടെ ചിന്തയെയും ആധുനികകാല പണ്ഡിതചിന്തകളെയും സമന്വയിപ്പിച്ചും ഉറുദു ഭാഷയുടെ സൗന്ദര്യാത്മകത പ്രകടിപ്പിക്കുന്നതാണിവ. ആധുനികവിജ്ഞാനത്തിനു മുതല്‍ക്കൂട്ടാവും ഈ പുസ്തകങ്ങള്‍. ഉറുദുവിലെ നല്ല എഴുത്തുകാരുടെയും കവികളുടെയും രചനകളെ പരിചയപ്പെടുത്തലും ഈ പാഠപുസ്തകത്തിന്റെ ഉദ്ദേശ്യമാണ്. ഉറുദു ഭാഷയെ നിലനിര്‍ത്തുന്ന സാഹിത്യത്തെ കുറിച്ചു വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ടതാണ്. പാഠങ്ങളെ തിരഞ്ഞെടുക്കുന്നതിലും തരംതിരിക്കുന്നതിലും സാഹിത്യത്തില്‍ നിലവാരം ഉയര്‍ത്തുന്ന വിഷയത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.''
ഏഴാം ക്ലാസ് പാഠപുസ്തകം തിലോക് ചന്ദ് മഹ്‌റൂം രചിച്ച 'വഖ്‌തെ സഹര്‍' കൊണ്ടാണു തുടങ്ങുന്നത്. മൗലാനാ മുഹമ്മദ് ഹുസൈന്‍ ആസാദ് രചിച്ച 'രാം ചന്ദര്‍ജി' എന്ന പാഠത്തോടെയാണ് ഗദ്യവിഭാഗം ആരംഭിക്കുന്നത്. ജോശ് മലീഹാബാദി, മൗലാനാ സഫര്‍ അലി ഖാന്‍, ബേനസീര്‍, അക്ബര്‍ അലഹാബാദി തുടങ്ങിയവരുടെയും ഇഖ്ബാലിന്റെയും കവിതകള്‍ ഇതിലുണ്ട്. മുന്‍ഷി പ്രേംചന്ദ്, ഖാജാ ഹസന്‍ നിസാമി, മുഹമ്മദുല്‍ വാഹിദ്, സര്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍, പണ്ഡിത് രതന്‍ നാഥ് സര്‍ശാര്‍, മുന്‍ഷി സൂരജ് നാരായന്‍ തുടങ്ങിയവരുടെ ഗദ്യരചനകളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആകെ 18 ഗദ്യവും 18 പദ്യവും.
എട്ടാം ക്ലാസ് പാഠപുസ്തകം ജോശ് മലീഹാബാദിയുടെ 'മഅ്‌രിഫത്തെ ഇലാഹി' എന്ന പ്രാര്‍ഥനാഗാനത്തോടെ ആരംഭിക്കുന്നു. സാഹിത്യം, മതം, ചരിത്രം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പുസ്തകത്തില്‍ ഉള്‍പ്പെട്ട ഗദ്യരചയിതാക്കളില്‍ പ്രമുഖര്‍ സര്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍, സര്‍ സയ്യിദ് അഹ്മദ് ഖാന്‍, പണ്ഡിത് തിലോക്‌നാഥ് കൗള്‍, മുന്‍ഷി പ്രേം ചന്ദ്, ഹക്കീം അഹ്മദ് ശുജാഅ് എന്നിവരാണ്. ബ്രജ് നാരായന്‍ ചെക്ബസ്ത്, നസീര്‍ അക്ബറാബാദി, അല്ലാമാ ഇഖ്ബാല്‍, മുന്‍ഷി നാഇക് പര്‍ശാദ, സയ്യിദ് മുഹമ്മദ് ഫാറൂഖ്, പ്യാരെലാല്‍ ശങ്കര്‍ തുടങ്ങിയവരുടെ കവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇഖ്ബാല്‍ തയാറാക്കിയ അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മദ്രാസ്, ഡല്‍ഹി, മുംബൈ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ബോര്‍ഡുകള്‍ പാഠപുസ്തകമായി അംഗീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ താരീഖെ ഹിന്ദ്, ആഈനയെ അജം, ഇന്‍തിഖാബെ ബേദല്‍ തുടങ്ങിയ പുസ്തകങ്ങളും ഇഖ്ബാല്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. ഇഖ്ബാലിനെക്കുറിച്ച് ആയിരക്കണക്കിനു ഗവേഷണപ്രബന്ധങ്ങള്‍ ലോകമെമ്പാടും നടക്കുമ്പോഴും അദ്ദേഹത്തിന്റെ പാഠപുസ്തക രചനയെക്കുറിച്ച് അധികം പഠിക്കപ്പെട്ടിട്ടില്ല എന്നു തന്നെ വേണം പറയാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."