താനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് സി.പി.എം നേതാവിന്റെ സഹോദരങ്ങള്‍
തിരൂര്‍: താനൂര്‍ അഞ്ചുടിയില്‍ ലീഗ് പ്രവര്ത്തകന് കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖി(35)നെ കൊലപ്പെടുത്തിയത് സ.പി.എം നേതാവിന്റെ സഹോദരങ്ങളുടെ നേതൃത്വത്തില്‍. ഡി.വൈ.എഫ്.ഐ തീരദേശ മേഖല സെക്രട്ടറിയായിരുന്ന കെ.പി ഷംസുവിന്റെ മൂന്ന് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടത്തിയതെന്ന് പൊലിസ് തിരിച്ചറിഞ്ഞു. കൃത്യം നടത്തിയ മൂന്ന് പ്രതികളെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഷംസുവിന്റെ സഹോദരങ്ങളായ കുപ്പന്റെ പുരക്കല്‍ മുഈസ് (25), താഹ മോന് (22), ഇവരുടെ സുഹൃത്ത് വെളിച്ചാന്റെ പുരക്കല്‍ മഷ്ഹൂദ്(24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഷംസുവിന്റെ മറ്റൊരു സഹോദരന് ജുനൈസ് (22), സുഹൃത്തായ ചീമ്പാളിന്റെ പുരക്കല്‍ ഷഹദാദ് (22) എന്നിവരെ തിരിച്ചറിഞ്ഞതായും പൊലിസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
പ്രതികളുടെ വീടുകളില്‍ വ്യാഴാഴ്ച രാത്രിയില്‍ അന്വേഷണ സംഘം നടത്തിയ റൈഡില്‍ പ്രതികളുടെ ബന്ധുക്കളില്‍ ചിലരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് കൃത്യം നടത്തിയ പ്രതികളെ പിടികൂടാന്‍ സാധിച്ചത്. സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി തിരിച്ചറിയാനുണ്ട്. പ്രതികളെല്ലാം സി.പി.എം പ്രവര്‍ത്തകരും, കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ വീടിനു പരിസരത്തുള്ളവരുമാണ്. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്ന് പൊലീസിനു സൂചന ലഭിച്ചു.
അതേ സമയം, രാഷ്ട്രീയ സംഘര്‍ഷങ്ങളിലൊന്നും ഉള്‍പ്പെടാത്ത ഇസ്ഹാഖിനെ പ്രതികള്‍ ലക്ഷ്യം വച്ചത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഇസ്ഹാഖിന്റെ മൃതദേഹം തിരൂര്‍ ഗവ.ആശുപത്രിയിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകീട്ട് 5.30ന് അഞ്ചുടി ജുമാ മസ്ജിദില്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആയിരങ്ങള്‍ പങ്കെടുത്ത മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."