റമദാന്‍ അവസാന വെള്ളി: പള്ളികള്‍ നിറഞ്ഞൊഴുകി
പാലക്കാട്: റമദാനിലെ അവസാന വെള്ളിയാഴ്ചയും വിട പറഞ്ഞപ്പോള്‍ ഭക്തി സാന്ദ്രതയാല്‍ പള്ളികള്‍ നിറഞ്ഞൊഴുകി. നരക വിമോചനത്തിന്റെയും സ്വര്‍ഗ പ്രവേശനത്തിന്റെയും അവസാന പത്തിലെ വെള്ളിയാഴ്ചയായിരുന്ന ഇന്നലെ പള്ളികളില്‍ ജുമുഅക്കെത്തിയവരുടെവന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ജുമുഅക്ക് മണിക്കൂറുകള്‍ക്കു മുമ്പെ പള്ളികളിലെത്തി ആളുകള്‍ ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലും മുഴുകി. ദൈവ പ്രീതിക്കായി വിശ്വാസികള്‍ ഒഴുകിയെത്തിയതോടെ പള്ളികളില്‍ സ്ഥലം തികയാതെ വന്നു.
ഭക്തിയുടെയും ആത്മ വിശുദ്ധിയുടെയും നിറവില്‍ വിശ്വാസികള്‍ വികാരനിര്‍ഭരരായി. അനാരോഗൃം വകവെക്കാതെ വൃദ്ധരും രോഗികളും ഒരുപോലെ പള്ളിയിലെത്തിയിരുന്നു. ദൈവോപാസനയുടെ പരിസമാപ്തിയില്‍ സായൂജ്യ സാഫലൃമണിഞ്ഞ ഭക്തിയുടെ നിറവിലായിരുന്നു ഓരോ വിശ്വാസ മനസും.
ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന ഒറ്റയായ രാവുകളിലെ അവസാന രാവും വെള്ളിയാഴ്ച തന്നെയാണെന്ന പ്രത്യേകതയുമുണ്ടായിരുന്നു ഇത്തവണ.
ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രിയായ ലൈലത്തുല്‍ ഖദ്‌റിലാണ് വിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ടത്. ഈ രാത്രിയില്‍ ജിബ്‌രീല്‍ മാലാഖയുടെ നേതൃത്വത്തില്‍ ധാരാളം മലക്കുകള്‍ ഭൂമിയിലിറങ്ങി മനുഷൃരുടെ കര്‍മങ്ങള്‍ നിരീക്ഷിക്കുമെന്നാണ് പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. മാനവികതയുടെ മാര്‍ഗദര്‍ശനമായ ഖുര്‍ആന്‍ ഇറക്കപ്പെട്ട റമദാനിലെ അവസാന ദിനങ്ങളില്‍ വിശ്വാസികള്‍ ഖുര്‍ആനുമായി നിരന്തര ബന്ധം സ്ഥാപിച്ചു.
റമദാനിന് യാത്രയയപ്പ് നല്‍കുന്ന ഈ വേളയില്‍ വിശ്വാസികളുടെ കണ്ണുകളില്‍ പ്രതീക്ഷയും ആശ്വാസവും ഒരുപോലെ പ്രകടമായിരുന്നു. ഒരു മാസക്കാലം പുണ്യങ്ങള്‍ ചെയ്യാനായതിന്റെ ആത്മനിര്‍വൃതിയും, ചെയ്ത കര്‍മങ്ങള്‍ അര്‍ഹമായ രീതിയില്‍ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയും ഓരോ വിശ്വാസിയുടെയും മനസില്‍ അലയടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."