ഭവന്‍സ് കോളജിലെ വിദ്യാര്‍ഥി സമരം 16 ദിവസം പിന്നിട്ടു: ഇന്നലത്തെ ചര്‍ച്ചയിലും തീരുമാനമായില്ല
ഫറോക്ക് : ഭവന്‍സ് പള്‍സര്‍ ലോകോളജിനു മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തി വരുന്ന സമരം 16 ദിവസം പിന്നിട്ടു. മെറിറ്റ് - മാനേജ്‌മെന്റ് സീറ്റുകളിലെ ഫീസ് ഘടനയിലുളള അപാകത പരഹരിക്കുക, കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു എം.എസ്.എഫ്്, എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി എന്നീ വിദ്യാര്‍ഥി സംഘടനകളാണ് കോളജിനു മുന്നില്‍ പന്തല്‍കെട്ടി സമരം നടത്തുന്നത്.
വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമരം ഒത്തു തീര്‍പ്പിലെത്തിക്കാനായിട്ടില്ല. ഇതിനിടയില്‍ എസ്.എഫ്.ഐ, കെ.എസ്.യു സംഘടനകള്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. മാനേജ്‌മെന്റ് പിടിവാശി അവസാനിക്കും വരെ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോവാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം. ഇന്നലെ വിദ്യാര്‍ഥികളുടെ സമരപന്തല്‍ സന്ദര്‍ശിച്ച വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ വിദ്യാര്‍ഥി പ്രതിനിധികളുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല.
അതെ സമയം മെറിറ്റ് സീറ്റിലെ ഫീസ് സംബന്ധിച്ച് മാനേജ്‌മെന്റ് ഏതാണ്ട് വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിച്ച സ്ഥിതിയാണ്. മാനേജ്‌മെന്റ് സീറ്റിലെ വിദ്യാര്‍ഥികളുടെ ഫീസ് സംബന്ധിച്ചുളള തര്‍ക്കം നിലനില്‍ക്കുന്നു. വെളളിയാഴ്ച രാവിലെ രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്റെ ചേംബറിലാണ് മാനേജ്‌മെന്റ് പ്രതിനിധികളുമായി ആദ്യ ഘട്ട ചര്‍ച്ചനടത്തിയത്. ഇതില്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, സി.പി.എം.ഏരിയ കമ്മറ്റി സെക്രട്ടറി എം.ഗിരീഷ് ലോകോളജ് ഡയറക്ടര്‍ അഡ്വ.പരമേശ്വരന്‍, മാനേജിങ് കമ്മിറ്റി ട്രഷര്‍ വിജയന്‍.പി.മേനോന്‍, വെലായുധന്‍ പന്തീരങ്കാവ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കോളജ് നടത്തിപ്പ് സംബന്ധിച്ച ഭാരിച്ച സാമ്പത്തിക ബാദ്ധ്യതകളും പ്രയാസങ്ങളും മാനേജ്‌മെന്റ് പ്രതിനിധികള്‍ മുന്നോട്ട് വെച്ചെങ്കിലും വിദ്യാര്‍ത്ഥികളുന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതരിക്കാന്‍ പറ്റില്ലെന്ന ആവശ്യമാണ് ഉയര്‍ന്നത്.
വൈകിട്ടു നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ കൂടി പങ്കെടുത്തിരുന്നു. എസ്.എഫ്.ഐ ജില്ലാ ജോയന്റ് സെക്രട്ടറി ടി.അതുല്‍, എം.എസ്.എഫ് നേതാക്കളായ, ഷെരീഫ്, ഷെറീര്‍, കെ.എസ്.യു പ്രതിനിധി ഗിരീഷ് എ.ബി.വി.പി നേതാവ് അഭിരാം, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് ടി.സര്‍ജാസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഫീസ് വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചക്കുമില്ലെന്നു വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ ഒറ്റകെട്ടായി ആവശ്യപ്പെട്ടു.
സമരം ഒത്തുതീര്‍പ്പാക്കണമെന്നും മാനേജ്‌മെന്റ് പിടിവാശി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു ഡി.വൈ.എഫ് ഫറോക്ക് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോളജ് ഓഫീസിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തി. ബ്ലോക്ക് സെക്രട്ടറി കെ.ഷഫീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.അനൂപ് അധ്യക്ഷനായി. പി.ആര്‍.സുമന്‍ സ്വാഗതവും സി.സന്ദേശ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."