പീഡനത്തിനിരയായ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ്: മൂന്ന് പ്രതികളെ വെറുതെ വിട്ടു
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ മൂന്ന് പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടു. അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് വി. മധു എന്ന വലിയ മധു(27), ഇടുക്കി രാജാക്കാട് വലിയ മുല്ലക്കാനം നാലുതൈക്കല്‍ വീട്ടില്‍ ഷിബു(43), പാമ്പാംപള്ളം കല്ലങ്കാട് എം. മധു എന്ന കുട്ടിമധു(27) എന്നിവരെയാണ് പാലക്കാട് ഫസ്റ്റ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് എസ്. മുരളീകൃഷ്ണ വെറുതെ വിട്ടത്.അഞ്ച് പ്രതികളുണ്ടായിരുന്ന കേസില്‍ മൂന്നാംപ്രതി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളാണ് ഇനി കേസില്‍ പ്രതിസ്ഥാനത്ത് അവശേഷിക്കുന്നത്. കേസ് ജുവനൈല്‍ കോടതി 15 ന് പരിഗണിക്കും.
2017ല്‍ ആയിരുന്നു പെണ്‍കുട്ടികളുടെ മരണം നടന്നത്. 13 വയസുള്ള മൂത്ത പെണ്‍കുട്ടിയെ ജനുവരി 13നും ഒന്‍പതു വയസുള്ള സഹോദരിയെ മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനയെ തുടര്‍ന്നാണ് അന്വേഷണവും അറസ്റ്റും നടന്നത്.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പ്രതികളാക്കി രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലുമായി പോക്‌സോ, പ്രകൃതി വിരുദ്ധ പീഡനം, ബലാത്സംഗം, ആത്മഹത്യാ പ്രേരണ, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളും ഷിബുവിനെതിരേ കൂടുതലായി പട്ടികജാതി പട്ടിക വര്‍ഗ നിയമവും ചുമത്തിയിരുന്നു. ഡിവൈ.എസ്.പി എം.ജെ സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ തെളിവുകള്‍ അവഗണിച്ചതിന് അന്നത്തെ വാളയാര്‍ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ചുമതലയിലുണ്ടായിരുന്ന സി.ഐ, രണ്ട് ഡിവൈ.എസ്.പിമാര്‍ എന്നിവര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും തൃശൂര്‍ റേഞ്ച് ഐ.ജി ഉത്തരവിട്ടിരുന്നു. ഇതിനിടെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് ജീവനൊടുക്കിയതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."