കരിങ്കല്‍ ക്വാറികളുടെ ദൂരപരിധി കുറക്കാനുള്ള തീരുമാനത്തിനെതിരേ മലയോരത്ത് പ്രതിഷേധം ശക്തം
കുറ്റ്യാടി: കരിങ്കല്‍ ക്വാറികളുടെ ദൂരപരിധി നൂറ് മീറ്ററില്‍ നിന്ന് അന്‍പത് മീറ്ററാക്കി കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മലയോര മേഖലയില്‍ പ്രതിഷേധം ശക്തമാവുന്നു. ക്വാറികളുടെ സമീപത്തുള്ള വീട്ടുകാരെയാണ് പുതിയ തീരുമാനം ഏറെ ബാധിക്കുക.
നൂറ് മീറ്റര്‍ ദുരപരിധി നിലനില്‍ക്കുമ്പോള്‍ തന്നെ സമീപത്തെ താമസക്കാര്‍ വലിയ ഭീഷണിയാണ് നേരിട്ടിരുന്നത്.
അതുകൊണ്ട് തന്നെ അവര്‍ നേരത്തെ തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകളിലെ മലയോര മേഖലയില്‍ ചെറുതും വലുതുമായ നിരവധി കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്.
ഇവിടങ്ങളില്‍ ഉഗ്രശബ്ദത്തോടെ പാറപൊട്ടിക്കുമ്പോള്‍ ചിതറിത്തെറിക്കുന്ന കരിങ്കല്‍ ചീളുകള്‍ പരിസരവാസികളുടെ ജീവനും സ്വത്തിനും വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്.
പുതിയ തീരുമാനം നടപ്പിലാവുമ്പോള്‍ പലരും വീട് ഒഴിഞ്ഞ് പോകേണ്ട സ്ഥിതിയാവും. ഇതിനു പുറമെ പാറപൊട്ടിക്കുമ്പോഴുണ്ടാവുന്ന ശബ്ദംകാരണം പലര്‍ക്കും കേള്‍വിക്കുറവ് അടക്കമുള്ള രോഗങ്ങളും കുട്ടികളുള്‍പ്പൊടെ പാറപ്പൊടി ശ്വസിച്ച് അലര്‍ജിയടക്കമുള്ള രോഗബാധിതരാവുന്നതായും പരാതി ഉയര്‍ന്നിരുന്നു.
കരിങ്കല്‍ ക്വാറികള്‍ വന്‍തോതിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമാവുന്ന തരത്തില്‍ ക്വാറികളുടെ ദൂര പരിധി കുറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."