മിന്നല്‍ ഹര്‍ത്താല്‍: തലസ്ഥാനത്തും ജനം വലഞ്ഞു, ചിലയിടങ്ങളില്‍ സംഘര്‍ഷം
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി. ഹിന്ദു ഐക്യവേദി, ബി.ജെ.പി സംഘടനകള്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു. തലസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പുലര്‍ച്ചെയായതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നു തലസ്ഥാനത്തെത്തിയവര്‍ അക്ഷരാര്‍ഥത്തില്‍ കുടുങ്ങി. മെഡിക്കല്‍കോളജ്, ആര്‍.സി.സി തുടങ്ങിയിടങ്ങളിലേക്ക് പൊലിസ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും മറ്റിടങ്ങളിലേക്ക് പോകാനെത്തിയവര്‍ ദുരിതത്തിലായി.
കെ.എസ്.ആര്‍.ടി.സി അതിരാവിലെ സര്‍വിസുകള്‍ നടത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നിറുത്തിവച്ചു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പമ്പയിലേക്ക് സര്‍വിസ് നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൊലിസ് സംരക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് നിറുത്തലാക്കി. വിമാനത്താവളത്തിലെത്തിയ യാത്രക്കാരും വലഞ്ഞു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികളും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. നഗരത്തിലെ സ്‌കൂളുകളിലും ഹര്‍ത്താല്‍ അനുകൂലികള്‍ തള്ളിക്കയറി. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. പെട്രോള്‍ പമ്പുകള്‍ അടഞ്ഞു കിടന്നത് ഇരുചക്ര വാഹനങ്ങളിലെത്തിയവരും പ്രതിസന്ധിയിലാക്കി.
കെ.എസ്.ആര്‍.ടി.സിയുടെ തമ്പാനൂര്‍, നെയ്യാറ്റിന്‍ക്കര, പാറശാല, വെള്ളറട, ആറ്റിങ്ങല്‍, നെടുമങ്ങാട് ഡിപ്പോയില്‍ നിന്നും ബസുകളും വാഹനങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഇത് പലയിടങ്ങളിലും സംഘര്‍ഷത്തിനിടയാക്കി. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴിച്ച് കടകമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. ബാലരാമപുരം കൊടിനടയില്‍ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിന്‍കരയ്ക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസിന്റെ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നു. ഇവിടെ സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും പരസ്പരം കല്ലേറും വാക്കേറ്റവും നടന്നു. സംഭവത്തില്‍ ബാലരാമപുരം പൊലിസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കരകുളം ഏണിക്കരയില്‍ വാഹനങ്ങള്‍ തടഞ്ഞ പ്രവര്‍ത്തകരെ പൊലിസെത്തി പിന്തിരിപ്പിച്ചു.
കല്ലമ്പലം: ഹിന്ദുഐക്യവേദി അഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ കല്ലമ്പലത്ത് പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. രാവിലെ തുറക്കാന്‍ ശ്രമിച്ച കടകളേയും ബാങ്കുകളേയും സമരാനുകൂലികള്‍ അടപ്പിച്ചു. കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളും സര്‍വിസ് നടത്തിയില്ല. മറ്റ് വാഹനങ്ങളെല്ലാം നിരത്തിലോടി. ഹര്‍ത്താലിനോടനുബന്ധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ കല്ലമ്പലത്ത് നടന്ന നാമജപവും പ്രതിഷേധ പ്രകടനവും കര്‍ഷകമോര്‍ച്ച ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് ഉല്ലാസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൈവേലിക്കോണം ബിജു,സജി,ശ്രീകുമാര്‍,അജി,ഷിബു,അജു,രാജീവ് എന്നിവര്‍ പ്രസംഗിച്ചു. ശബരിമലക്കും വിശ്വാസികള്‍ക്കും എതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സമരാനുകൂലികള്‍ അറിയിച്ചു.
ഹര്‍ത്താല്‍ ആറ്റിങ്ങലില്‍ സമാധാനപരമായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് നടത്തിയ പ്രകടനം വീരളം ക്ഷേത്രത്തിന് മുന്നില്‍നിന്നാരംഭിച്ച് പട്ടണം ചുറ്റി കച്ചേരി നടയില്‍ സമാപിച്ചു. ഹര്‍ത്താലനുകൂലികള്‍ നഗരസഭാ ഓഫിസും, ക്യാന്റിനും അടപ്പിച്ചു. സ്വകാര്യ വാഹനങ്ങള്‍ മാത്രം നിരത്തിലിറങ്ങി, കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ എസ് ആര്‍ ടി സി യും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല.
ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. പ്രകടനത്തിന് ബി ജെ പിയിലെയും ഹിന്ദു ഐക്യവേദിയിലെയും നേതാക്കള്‍ നേതൃത്വം നല്‍കി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നെയ്യാറ്റിന്‍കര: ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നെയ്യാറ്റിന്‍കരയില്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയില്ല. കട-കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ ഓടി. സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചില്ല.
ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
ടി.ബി ജങ്ഷനിലുളള പബ്ലിക് മാര്‍ക്കറ്റ് ചെറിയ തരത്തില്‍ പ്രവര്‍ത്തിച്ചു. ബാലരാമപുരം ചന്തയിലും ജനത്തിരക്ക് കുറവായിരുന്നു. ഹര്‍ത്താല്‍ പെതുവേ സമാധാനപരമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."