സന്നിധാനത്തിലേക്കുള്ള നെല്‍ക്കതിരുമായി കൊല്ലങ്കോട് സംഘം ഇന്ന് യാത്ര പുറപ്പെടും
കൊല്ലങ്കോട്: ശബരിമല സന്നിധാനത്തിലെ നിറപുത്തരിക്ക് നെല്‍ക്കതിരുമായി ചിറ്റൂര്‍ താലൂക്ക് കൊല്ലങ്കോട് അഖില കേരള അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ ഇന്ന് യാത്ര പുറപ്പെടും. ഒന്‍പതാമത്തെ വര്‍ഷമാണ് ശബരിമലയിലെ നിറപുത്തരിക്കായി നെല്‍ക്കതിര്‍ കൊല്ലങ്കോടില്‍ നിന്നും സന്നിധാനത്തിലേക്ക് എത്തിക്കുന്നത്. നെന്മേനി പാടശേഖര സമിതിയിലെ അംഗവും അഖില കേരള അയ്യപ്പസേവാസംഘത്തിന്റെ സജീവ പ്രവര്‍ത്തകനുമായ ചുട്ടിച്ചിറകളത്തിലെ കൃഷ്ണകമാറിന്റെ നെല്‍പ്പാടത്താണ് നിറപുത്തരിക്കായി നെല്‍ക്കതിര്‍ വിളവെടുപ്പ് നടത്തിയത്. മറ്റു സ്ഥലങ്ങളില്‍ നെല്‍കൃഷി വിളവെടുക്കാനായിട്ടില്ലാത്തതിനാലാണ് നിറപുത്തരിക്കായി കൃഷ്ണകുമാര്‍ തന്റെ പാടത്ത് പ്രത്യേകമായി കൃഷി ചെയ്തത്.
വിഷു കഴിഞ്ഞതും കൃഷിപ്പാടം ഉഴുത് മറിച്ച് നെല്‍വിത്ത് ഇട്ട് കൃഷി ആരംഭിച്ചു. കാര്‍ഷിക ആവശ്യത്തിനായുള്ള വെള്ളം ബോര്‍ വെല്ലിന്റെ സഹായത്തോടെയാണ് നടത്തിയത്. മൂപ്പ് കുറഞ്ഞ എ.എസ്.ടി നെല്‍വിത്താണ് ഇതിനായി കൃഷി ചെയ്ത് വന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അയ്യപ്പഭക്തനും അയ്യപ്പ സേവാ സംഘത്തിന്റെ വോളണ്ടിയര്‍ ക്യാപ്റ്റനും ചിറ്റൂര്‍ താലൂക്ക് എക്‌സികുട്ടീവ് മെമ്പര്‍ അയ്യപ്പസേവാസംഘം കേരള സ്റ്റേറ്റ് എക്‌സികുട്ടീവ് അംഗവുമായ ഇദ്ദേഹത്തന്റെ നേതൃത്വത്തില്‍ 75 ഓളം അയ്യപ്പഭക്തരാണ് ശബരിമല സന്നിധിയില്‍ പുന്നെല്‍ കതിര്‍ക്കറ്റയുമായി നിറപുത്തിക്ക് ശബരിമല സന്നിധാനത്തിലേക്ക് പോകുന്നത്.
കഴിഞ്ഞ തവണ 111 കതിര്‍ കറ്റകളാണ് കൊണ്ടു പോയതെങ്കില്‍ ഇത്തവണ 201 കതിര്‍ കറ്റകളാണ്. മൂപ്പെത്തിയ നെല്‍ കതിര്‍ വൃത ശുദ്ധിയോടെ കൊയ്‌തെടുത്ത് നിറവളളി നാക്കിലയില്‍ വെച്ച് നെല്‍ക്കതിര്‍ കറ്റ തലയില്‍ ചുമന്നാണ് ആദ്യ വിളവെടുപ്പ് നടത്തുന്നത്. ആചാര അനുഷ്ടാനത്തോടെയാണ് ഈ കര്‍മം നിര്‍വ്വഹിക്കുന്നത്. തുടര്‍ന്ന് കതിര്‍കറ്റയോടൊപ്പം മാവില പുളിയില ആലില പരുവയില കറുകപ്പുല്ല് തുടങ്ങിയവയും സന്നിധാനത്തിലെത്തിക്കും.
പനങ്ങാട്ടരി മോഹനന്‍ പാര്‍ട്ടിയുടേയും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ശനിയാഴ്ച രാവിലെ ഒന്‍പതരക്ക് നെല്‍ക്കതിര്‍ കൊയ്ത്ത് ചടങ്ങും ആചാരപ്രകാരമുള്ള നെല്‍ക്കതിര്‍ കറ്റകടത്തല്‍ ചടങ്ങള്‍ ചുട്ടിച്ചിറയിലെ കൃഷ്ണ കുമാറിന്റെ പാടത്ത് നടത്തുന്നത്.
പ്രത്യേക വാഹനത്തില്‍ രാവിലെ പതിനൊന്നോടെ പുറപ്പെട്ട സംഘത്തെ യാത്രയാക്കാനായി എലവഞ്ചേരി പെരുങ്ങോട്ടുകാവ് പങ്കജാക്ഷ ഗുരുസ്വാമിയും നെന്മേനി പാടശേഖര സമിതി സെക്രട്ടറി അരവിന്ദാക്ഷന്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ എത്തിച്ചേരും.
ഗുരുവായൂര്‍, തൃപ്രയാര്‍ ,ചോറ്റാനിക്കരയിലും സന്ദര്‍ശനം നടത്തി പന്തളം കൊട്ടാരത്തിലും എരുമേലി പാമ്പ എന്നിവിടങ്ങളിലും നിറപുത്തരിക്ക് നെല്‍ക്കതിര്‍ കൊടുത്ത് സന്നിധാനത്തിലെത്തുന്ന സംഘം ശനിയാഴച വൈകിട്ട് അഞ്ചിന് നട തുറക്കുന്ന സമയം നെല്‍ക്കതിര്‍കറ്റ കാഴ്ച സമര്‍പ്പിക്കും.
മേല്‍ശാന്തി കറ്റകളില്‍ തീര്‍ഥം തെളിച്ച് സന്നിധാനത്തില്‍ പ്രത്യേക പൂജയ്ക്ക് ശേഷം എട്ടാം തിയ്യതി തിങ്കളാഴച രാവിലെ അഞ്ചേ മുക്കാലിനും ആറേമുക്കാലിനുമിടയിലുള്ള ശുഭമുഹൂര്‍ത്തമാണ് നിറപുത്തരി സന്നിധാനത്തില്‍ ആഘോഷിക്കുന്നത്. നിറകതിര്‍ ഭക്ത്തര്‍ക്ക് പ്രസാദമായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."