ചട്ടങ്ങള്‍ മാറ്റുകയല്ല, സ്വയം മാറുകയാണ് വേണ്ടത്
എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ.ടി ജലീല്‍ തന്റെ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നു. 'പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആകാശം ഇടിഞ്ഞുവീണാലും ഭൂമി പിളര്‍ന്നുപോയാലും ശരി, ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിയമങ്ങളെയും ചട്ടങ്ങളെയും അവഗണിച്ച് മുന്നോട്ടുപോകാം. അതൊരു തെറ്റാണെങ്കില്‍ തെറ്റ് ആവര്‍ത്തിക്കും'. ഇതു മനുഷ്യത്വത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള നിലപാടാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ ഇത്തരമൊരു നിലപാടിനു സ്വാഭാവികമായും ഉണ്ടായിരിക്കേണ്ട ആര്‍ജവം മന്ത്രിയുടെ പ്രസ്താവനക്കുണ്ടോ? പ്രസ്താവനക്ക് നല്ല കൈയടി കിട്ടി. ഭരണകക്ഷിയും പ്രതിപക്ഷവുമായി വേര്‍തിരിഞ്ഞുനിന്ന് രാഷ്ട്രീയം കളിക്കുന്ന കേരളത്തില്‍ സ്വാഭാവികമായും ഭരണാനുകൂലികള്‍ മന്ത്രിക്ക് കൈയടിച്ചുകൊടുക്കും. ഭരണത്തെ എതിര്‍ക്കുന്നവര്‍ മന്ത്രിയുടെ യാത്രാവഴികളില്‍ കരിങ്കൊടിയും കൂക്കിവിളിയുമായി കാത്തുനില്‍ക്കുകയും ചെയ്യും; ഈ പോരാട്ടത്തിനിടയില്‍ 'പരീക്ഷയും വിജയപരാജയങ്ങളും മാര്‍ക്കിട'ലുമെല്ലാം ഏതെല്ലാം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?
ഇപ്പോഴത്തെ മാര്‍ക്ക്ദാന കാര്യത്തില്‍ മന്ത്രി ജലീലും അനുകൂലിക്കുന്നവരും മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ ഇപ്രകാരം സംഗ്രഹിക്കാം. സാങ്കേതിക സര്‍വകലാശാല നിലവില്‍ വന്നതോടെ നിര്‍ത്തലാവുന്ന എം.ജി സര്‍വകലാശാലയുടെ ഒരു കോഴ്‌സില്‍ അവസാന അവസരമെന്ന നിലയില്‍ ഒരു വിദ്യാര്‍ഥിക്കു ലഭിച്ച മോഡറേഷനെയാണ് മാര്‍ക്ക്ദാനമെന്ന പേരില്‍ ശത്രുക്കള്‍ വിവാദമാക്കുന്നത്. മന്ത്രിയുമായോ അദാലത്തുമായോ അതിനു യാതൊരു ബന്ധവുമില്ല. അദാലത്തില്‍ മന്ത്രി പങ്കെടുക്കുന്ന ഏര്‍പ്പാട് തുടങ്ങിവച്ചത് യു.ഡി.എഫ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്; പോരാത്തതിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ സിവില്‍ സര്‍വിസ് പരീക്ഷ ജയിച്ചതിനെ മന്ത്രി ജലീല്‍ വിവാദത്തിലേക്ക് കൂട്ടിക്കെട്ടുകയും ചെയ്തു. ചുരുക്കത്തില്‍ ചട്ടം ലംഘിച്ച് മാര്‍ക്ക് കൊടുത്തത് പ്രശ്‌നമേ അല്ലാതായി; തല്‍സ്ഥാനത്ത് എല്‍.ഡി.എഫ് - യു.ഡി.എഫ് പോരാട്ടത്തിലേക്ക് വിവാദം വഴിതെറ്റിപ്പോയി. എന്നുമാത്രമല്ല, ഒടുവില്‍ ചട്ടലംഘനം മന്ത്രിതന്നെ പരോക്ഷമായി സമ്മതിക്കുകയും ചട്ടങ്ങള്‍ക്കപ്പുറത്താണ് ഒരു ജനപ്രതിനിധിയുടെ നിയോഗമെന്ന് പറഞ്ഞുകൊണ്ട്, സംഭവങ്ങള്‍ക്ക് മറ്റൊരു മാനം നല്‍കുകയും ചെയ്തു.
എന്നാല്‍ ഇത്തരം 'ചട്ടലംഘന'ങ്ങള്‍ അടിമുടി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സര്‍വകലാശാലാ സംവിധാനങ്ങളില്‍ എന്തെല്ലാം പ്രത്യാഘാതങ്ങളാണുണ്ടാക്കുക എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. നിലവില്‍ സര്‍വകലാശാലകളില്‍ പഠനത്തിനും പരീക്ഷയെഴുത്തിനും മാര്‍ക്കിടലിനും ബിരുദദാനത്തിനുമെല്ലാം ഒരുപാട് ചട്ടങ്ങളുണ്ട്. അവയ്ക്കിടയിലൂടെ പരീക്ഷയെഴുതി പാസാകാന്‍ പ്രയാസങ്ങളുമുണ്ട്. എന്നിട്ടും പല തിരിമറികളും സര്‍വകലാശാലകളില്‍ നടക്കുന്നു. കുത്തഴിഞ്ഞു കിടക്കുകയാണ് ഉന്നത വിദ്യാഭ്യാസരംഗം. സര്‍വകലാശാലകളെന്ന ഈജിയന്‍ തൊഴുത്തുകള്‍ വൃത്തിയാക്കിയിടുകയെന്നത് ഇപ്പോഴും ഏറെക്കുറെ അസാധ്യമാണ്; അതുകൊണ്ടാണ് ഭരണതലത്തില്‍ നിന്നുള്ള രാഷ്ട്രീയ നടപടികള്‍ സര്‍വകലാശാലകള്‍ക്ക് ദോഷകരമായിരിക്കുമെന്ന് പറയുന്നത്.
ഇപ്പോഴത്തെ മാര്‍ക്ക് വിവാദത്തില്‍ മന്ത്രിയുടെ നടപടിയെ നിരാകരിച്ച് ഇടതുചരിത്രകാരനും മുന്‍ എം.ജി വൈസ് ചാന്‍സലറുമായ ഡോ.രാജന്‍ ഗുരുക്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ സ്പിരിറ്റും മറിച്ചൊന്നല്ല. മനുഷ്യത്വത്തിന്റെ പേരില്‍ ചെയ്യാവുന്ന ഒന്നല്ല, ഫലപ്രഖ്യാപനത്തിനുശേഷം ഒരാളെ ജയിപ്പിക്കുന്നതെന്ന് ഏറെക്കുറെ ഉന്നത വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാവരും അംഗീകരിക്കുന്ന സംഗതിയാണ്. സര്‍വകലാശാല രജിസ്ട്രാര്‍ അതു ശരിവച്ചിട്ടുമുണ്ട്. ഇങ്ങനെ സാമാന്യമായി ഉയര്‍ന്നുവന്ന ജനാഭിപ്രായത്തിന്റെ ഇടയിലാണു മന്ത്രി സ്വന്തം ചെയ്തികളെ ന്യായീകരിക്കാന്‍ വേണ്ടി ചട്ടലംഘനത്തിന്റെ മഹനീയത ഉയര്‍ത്തിക്കാട്ടുന്നത് എന്നോര്‍ക്കണം. യു.ഡി.എഫിനെയും രമേശ് ചെന്നിത്തലയെയും വലിച്ചിഴച്ചിട്ടും നിലകിട്ടാതെ വന്നപ്പോള്‍ നടത്തിയ അഭ്യാസപ്രകടനമെന്നേ അതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ.
ഒരു വിദ്യാര്‍ഥിയുടെ പരീക്ഷാ നടപടിയില്‍ മന്ത്രി ഇടപെട്ടു എന്നതല്ല ഇവിടെ പ്രധാനം. രാഷ്ട്രീയ എതിരാളികള്‍ മന്ത്രിയുടെ രക്തത്തിനു ദാഹിക്കുന്നതിനെ ഈ വിവാദവുമായി ബന്ധപ്പെടുത്തുകയും വേണ്ട. ഭരണരംഗത്തുനിന്നുള്ള ഇടപെടലുകള്‍ സര്‍വകലാശാലയുടെ അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ എത്രത്തോളം അഭികാമ്യമാണ് എന്നതാണ് പ്രധാനം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സര്‍വകലാശാലകള്‍ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദികളായിട്ട് കാലമേറെയായി. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് ഭരിക്കുന്ന കക്ഷിയുടെയും മുന്നണികളുടെയും താല്‍പര്യങ്ങളനുസരിച്ചാണ്. ജാതീയമായ പരിഗണനകളും വളരെ പ്രധാനം. അക്കാദമിക് കൗണ്‍സിലുകളിലേക്കുപോലും എല്‍.ഡി.എഫ്-യു.ഡി.എഫ് അടിസ്ഥാനത്തിലാണു മത്സരം. എന്തു പഠിപ്പിക്കണമെന്നും എങ്ങനെ പഠനനിലവാരം മെച്ചപ്പെടുത്തേണ്ടത് എന്നെല്ലാം തീരുമാനിക്കുന്നതുപോലും പാര്‍ട്ടികള്‍. കെ.ടി ജലീലിന്റെ ഇടപെടലുകളിലും ഇതേ രീതിയിലുള്ള പക്ഷപാതങ്ങളാണ് ആരോപിക്കപ്പെടുന്നത്. ഇപ്പോഴത്തെ പ്രത്യേക മാര്‍ക്ക്ദാനത്തിലെ ശരിയും ശരികേടുമല്ല, മന്ത്രിയും അദാലത്തും മറ്റും ചേര്‍ന്ന് തോറ്റവരെ ജയിപ്പിക്കുന്നതിലെ അനൗചിത്യമാണു ചര്‍ച്ച ചെയ്യേണ്ടത്.
അതിനിടെ രമേശ് ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വിസ് പരീക്ഷയെ വലിച്ചിഴച്ചുകൊണ്ടുവന്നതാണ് മന്ത്രി ജലീലിന്റെ മറ്റൊരു മഹാ അബദ്ധം. 'പപ്പടം വട്ടത്തിലാവുക കാരണം പയ്യിന്റെ പാല് വെളുത്തതായി' എന്ന കുഞ്ഞുണ്ണിക്കവിതയുടെ മട്ടിലായിപ്പോയി മന്ത്രിയുടെ ന്യായവാദം. യു.പി.എസ്.സിയെ സ്വാധീനിക്കാന്‍ രമേശ് ചെന്നിത്തലയെന്ന അച്ഛന്‍ ശ്രമിച്ചുവെങ്കില്‍തന്നെ അതു മന്ത്രി ജലീല്‍ ആരോപണവിധേയനായിട്ടുള്ള മാര്‍ക്ക് ദാനത്തിന്റെ കൂട്ടത്തില്‍പ്പെടുന്ന ഒന്നല്ല.
കോണ്‍ഗ്രസ് നേതാവായ ചെന്നിത്തലയ്ക്ക് 2017ല്‍ ബി.ജെ.പി ഭരണകാലത്ത് അധികാര ദുര്‍വിനിയോഗം നടത്തുക അത്ര എളുപ്പമാവുകയില്ലല്ലോ. രണ്ടിനെയും സമീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയെ കോടിയേരി ബാലകൃഷ്ണന്‍ മുഖവിലയ്‌ക്കെടുക്കാത്തതിന്റെ കാരണവും അതുതന്നെയായിരിക്കണം. തീര്‍ത്തും ദുര്‍ബലമായ വാദങ്ങളാണ് മന്ത്രി ഉയര്‍ത്തിയത്. കേരളത്തിന്റെ രാഷ്ട്രീയ വേദികളില്‍ പലപ്പോഴും 'വേണ്ടാവര്‍ത്തമാനങ്ങള്‍' പറഞ്ഞ്, കോണ്‍ഗ്രസിനും യു.ഡി.എഫിനും നാണക്കേടുണ്ടാക്കാറുണ്ട് രമേശ് ചെന്നിത്തല. ജലീലിനെ ന്യായീകരിക്കുകവഴി രമേശ് ചെന്നിത്തലയുടെ പ്രതിച്ഛായക്ക് തിളക്കം കൂട്ടേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കാം സഖാവ് കോടിയേരി. ജലീല്‍ പറഞ്ഞതുപോലെയുള്ള വര്‍ത്തമാനങ്ങള്‍ 'യു.ഡി.എഫ് സംസ്‌കാരത്തി'ന്റെ ഭാഗമാണെന്നു പറഞ്ഞ് ഇടതുമൂല്യങ്ങള്‍ എന്താണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു അദ്ദേഹം. നിര്‍ഭാഗ്യവശാല്‍ അതൊന്നും ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല മന്ത്രി ജലീല്‍.
കേരളത്തിന് രണ്ട് മികച്ച വിദ്യാഭ്യാസ മന്ത്രിമാരാണ് ഇന്നുള്ളത്. രവീന്ദ്രനാഥും കെ.ടി ജലീലും. രണ്ടുപേരും അധ്യാപകരാണ്. ഉന്നത ബിരുദധാരികളാണ്. ശരിയായ ഉള്‍ക്കാഴ്ചയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവരുമാണ്. വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കുന്നതില്‍ ഇരുവരും മികച്ച സേവനമാണ് കാഴ്ചവയ്ക്കുന്നത് എന്നതില്‍ സംശയമൊന്നുമില്ലതാനും.എന്നുവച്ച്, അതൊന്നും ഇപ്പോള്‍ അദ്ദേഹം ചെയ്തുകൂട്ടിയ അബദ്ധത്തിനുള്ള ന്യായമാവുകയില്ല. സംഭവിച്ചത് വീഴ്ചയാണ്. ആ വീഴ്ച ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നത് ശരി തന്നെ. മന്ത്രിയും സര്‍ക്കാരും അതിന് അബദ്ധങ്ങളിലൂടെയല്ല മറുപടി നല്‍കേണ്ടത്. തങ്ങളുടെ പ്രവൃത്തികള്‍ക്ക് പിന്നിലെ ഉദ്ദേശ്യശുദ്ധി പൊതുസമൂഹത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കുകയും പിഴവുകള്‍ തിരുത്തുകയുമാണ്. അതിന് ആദ്യം വേണ്ടത് പൊതുസമൂഹത്തെ വിശ്വാസത്തിലെടുക്കുകയാണ്. അല്ലാതെ ഒച്ചയുയര്‍ത്തുകയല്ല. വാദങ്ങള്‍ ദുര്‍ബലമാകുമ്പോഴാണ് നാം ശബ്ദമുയര്‍ത്തുന്നത് എന്നോര്‍ക്കുക. സീസറുടെ ഭാര്യ വിശ്വസ്തയായിരുന്നാല്‍ പോരാ, വിശ്വസ്തയാണെന്ന് ജനങ്ങള്‍ക്കു തോന്നുകകൂടി വേണ്ടേ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."