ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; മികച്ച കുടുംബകൃഷിക്ക് 1 ലക്ഷം നല്‍കും
കല്‍പ്പറ്റ: കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി എല്ലാവീട്ടിലും കുറഞ്ഞത് അഞ്ച് ഇനം പച്ചക്കറിയെങ്കിലും ഉല്‍പാദിപ്പിക്കണമെന്ന് കൃഷി വകുപ്പ് അഭ്യര്‍ഥിച്ചു.
ആവശ്യത്തിനുള്ള പച്ചക്കറി സ്വന്തമായി കൃഷിചെയ്ത് ഉല്‍പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. പുറമേനിന്നും വരുന്ന വിഷമയമായ പച്ചക്കറികള്‍ പൂര്‍ണമായി ഒഴിവാക്കി ഓണസദ്യ ഒരുക്കാനാണ് പദ്ധതി.
ഏറ്റവും നന്നായി പദ്ധതി നടപ്പിലാക്കുന്ന കുടുംബത്തിന് അല്ലെങ്കില്‍ ഗ്രൂപ്പിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 50000, 25000 രൂപവീതം നല്‍കും. ജില്ലാതലത്തില്‍ സമ്മാനാര്‍ഹരാകുന്നവര്‍ക്ക് 15000, 7500, 5000 രൂപ നിരക്കിലാണ് സമ്മാനം.
കഴിഞ്ഞ വര്‍ഷം ഓണസമൃദ്ധി എന്ന പേരില്‍ കൃഷിവകുപ്പ് വിപണി ഇടപെടല്‍ നടത്തിക്കൊണ്ട നടപ്പിലാക്കിയ പദ്ധതി വന്‍വിജയമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് വിപണി ഇടപെടലിനോടൊപ്പം സ്വന്തമായുളള ഉത്പാദനത്തിനുകൂടി പ്രധാന്യം നല്‍കികൊണ്ടുളള പദ്ധതിയാണ് ഇത്തവണ കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനായി 57 ലക്ഷം വിത്തുപായ്ക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഗ്രോബാഗ് യൂനിറ്റുകള്‍ എന്നിവ സംസ്ഥാന തലത്തില്‍ തയ്യാറായിട്ടുണ്ട്. ജൂലൈ ആദ്യവാരത്തോടെ ലഭ്യമാകും.
വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്, കൃഷിവകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയം ഭരണ സഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, വിദ്യാര്‍ഥികള്‍, സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവരുടെയും സംയോജിത പ്രവര്‍ത്തനമായിരിക്കും ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം. എല്ലാ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളിലും കൃഷിക്ക് ആവശ്യമായ വിത്ത്പായ്ക്കറ്റുകള്‍ ലഭ്യമായിരിക്കും.
കൂടാതെ മാധ്യമങ്ങള്‍, സന്നദ്ധസംഘടനകള്‍, സ്‌കൂളുകള്‍ മുഖാന്തിരവും വിത്തുപായ്ക്കറ്റുകള്‍ എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതാണ്.
കര്‍ഷകരില്‍ നിന്നും പ്രീമിയം തുക നല്‍കി വാങ്ങുന്ന ഉല്‍പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."