ഇഫ്താര്‍ സംഗമങ്ങളില്‍ വേറിട്ട 'വരദൂര്‍ മാതൃക'
വരദൂര്‍: രാജ്യത്ത് മതസ്പര്‍ധയും വിദ്വേഷവും പരസ്പര കലഹങ്ങളും മൂര്‍ത്തീഭാവം പൂണ്ട കാലത്ത് ഉദാത്ത മാതൃകയുമായി വയനാട് ജില്ലയിലെ വരദൂര്‍ എന്ന കൊച്ചു ഗ്രാമം. യാതൊരു അസ്വാരസ്യങ്ങളുമില്ലാതെ പൂര്‍വികര്‍ കൈമാറിയ മതസൗഹാര്‍ദ്ധവും പരസ്പര സ്‌നേഹവും കാണണമെങ്കില്‍ വരദൂര്‍ വരണം.
ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യാനി എന്ന വേര്‍തിരിവുകള്‍ക്കപ്പുറം മനുഷ്യത്വം കളിയാടുന്ന സ്വപ്ന ഭൂമിയാണിത്. ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ ഇവിടെ എല്ലാവരുടേതുമാണ്. വര്‍ഷങ്ങളായി വരദൂര്‍ മുസ്‌ലിം പള്ളിക്കായി പള്ളിയില്‍ ഒരു ദിവസം ഭീമമായ സംഖ്യ ഉപയോഗിച്ച് സ്വാദിഷ്ടമായ നോമ്പുതുറ ഒരുക്കുന്നത് പ്രദേശത്തെ സുബ്രമണ്യന്‍ ചെട്ട്യാരാണ്. വര്‍ഷത്തിലൊരുദിവസം ജാതിമത ഭേദമന്യേ മുഴുവനാളുകള്‍ക്കുമായി പള്ളിയില്‍ മഹല്ല് കമ്മിറ്റിയും ഇഫ്താര്‍ ഒരുക്കും. ഹൈന്ദവരും ക്രൈസ്തവരുമൊക്കെ ഇതില്‍ വളരെ ആവേശത്തോടെ പങ്ക് ചേരുന്നു.
വെറും നോമ്പ് തുറയില്‍ ഒതുങ്ങുന്നില്ല ഇവിടുത്തെ മതസൗഹാര്‍ദ്ദ മാതൃക. പ്രദേശത്തെ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവവും അനുകരണീയമാണ്. ഉത്സവ നാളുകളിലെ ഒരു ദിനം മുസ്്‌ലിംകള്‍ക്ക് വേണ്ടിയുള്ളതാണ്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നേരിട്ടുവന്ന് പള്ളി, മദ്‌റസാ ഭാരവാഹികളെ ക്ഷണിക്കുകയും പ്രദേശത്തെ മുഴുവന്‍ മുസ്‌ലിം സുഹൃത്തുക്കളെ ക്ഷണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇതനുസരിച്ച് പള്ളിയില്‍ വെച്ച് ഖത്തീബ് ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് വിശ്വാസികളോട് പറയുന്ന ഏക പ്രദേശവും വരദൂരായിരിക്കും. മുസ്‌ലിംകള്‍ക്ക് വേണ്ടി മുസ്്‌ലിമിനെ കൊണ്ടുതന്നെ ഭക്ഷണം പാകം ചെയ്യിച്ച് അത്യാവേശത്തോടെ ക്ഷേത്ര കമ്മിറ്റിക്കാര്‍ വിരുന്നൂട്ടുന്നത് ഒരു വല്ലാത്ത കാഴ്ച തന്നെയാണ്.
ഉത്സവ കമ്മിറ്റിക്ക് പള്ളി കമ്മിറ്റി സാമ്പത്തിക സഹായം നല്‍കുന്നതിലും നബിദിനാഘോഷത്തിലും ഹൈന്ദവരുടെയും ക്രിസ്ത്യാനിയുടെയും പങ്ക് ഇപ്രകാരം തന്നെ.
ജാഥയില്‍ മധുര പാനീയങ്ങളും പലഹാരങ്ങളും വിതരണം ചെയ്യുന്നതും നേര്‍ച്ച സാധനങ്ങള്‍ക്ക് സംഭാവന നല്‍കുന്നതുമൊക്കെ ഹൈന്ദവ സഹോദരങ്ങളാണ്. വലിയ സാമ്പത്തിക ശേഷിയില്ലാത്ത 150 മുസ്‌ലിം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ആഘോഷങ്ങളും നേര്‍ച്ചകളുമൊക്കെ സംഘടിപ്പിക്കുന്നത് ഓരോ കുടുംബത്തിനും 300ഉം 500ഉം രൂപ വരി നിശ്ചയിച്ചു കൊണ്ടാണ്.
എന്നാല്‍ അതിന്റെ പത്തിരട്ടി സംഖ്യ നല്‍കുന്ന ഹൈന്ദവ സഹോദരങ്ങളും സഹോദരിമാരും പ്രദേശത്തുണ്ട്.
തങ്ങളുടെ മക്കളുടെ പിറന്നാള്‍ അവസരങ്ങളിലും ഉറ്റവരുടെ വിയോഗങ്ങളിലും പള്ളിയിലേക്കും മദ്‌റസയിലേക്കും ഉപകാര പ്രദമായ വസ്തുക്കള്‍ സംഭാവന ചെയ്യുന്ന ഹൈന്ദവ സുഹൃത്തുക്കള്‍ ഇക്കാലത്തും ഇവിടെ ധാരാളമുണ്ട്.
കഴിഞ്ഞ ദിവസം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നോമ്പ് തുറയില്‍ പ്രദേശത്തെ 250 ഓളം ഹൈന്ദവ ക്രിസ്തീയ സുഹൃത്തുക്കളാണ് പങ്കെടുത്തത്. റമദാന്‍ 27നായിരുന്നു ഈ വര്‍ഷത്തെ സുബ്രമണ്യന്‍ ചെട്ടിയാരുടെ വകയുള്ള നോമ്പുതുറ.
പ്രദേശത്തെ ഇങ്ങനെയൊരു സൗഹാര്‍ദ്ദവും സ്‌നേഹവും ഊട്ടി ഉറപ്പിക്കുന്നതില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്നത് എല്ലാ വിഭാഗങ്ങളിലേയും യുവാക്കളാണന്നതാണ് ഏറെ സന്തോഷകരം.
ഈ ഐക്യവും കൂട്ടായ്മയും പ്രദേശത്ത് ലോകാവസാനം വരെ നിലനില്‍ക്കണമെന്നാണ് സ്ത്രീകളുള്‍പ്പടെയുള്ള പ്രദേശവാസികളായ ആബാലവൃദ്ധം ജനങ്ങളുടെയും പ്രാര്‍ഥന. നമുക്കും മാതൃകയാക്കാം വരദൂരിന്റെ ഈ മഹനീയ സാഹോദര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."