നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
ആലപ്പുഴ: ആലപ്പുഴ നഗരത്തിലുള്‍പ്പടെ അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ജലവിഭവ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ ചേംബറില്‍ വിളിച്ചുവരുത്തിയാണ് മന്ത്രി ജല അതോരിട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീജയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. നഗരത്തിലുള്‍പ്പടെയുള്ള വിതരണ ശൃംഖല വിപുലീകരിച്ച് കുടിവെള്ള ലഭ്യത 100 ശതമാനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. അമ്പലപ്പുഴ-തിരുവല്ല റോഡില്‍ നിരന്തരം പൈപ്പുപൊട്ടി ശുദ്ധജലം പാഴാകുന്ന കേളമംഗലം ഭാഗത്ത് അടിയന്തരമായി പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇതുമൂലം ആലപ്പുഴ നഗരത്തിലുള്‍പ്പടെ കനത്ത ജലക്ഷാമം നേരിടുന്നതായി പരാതി വ്യാപകമാണെന്ന് മന്ത്രി പറഞ്ഞു.പൈപ്പുകള്‍ മാറ്റുന്നതിനാവശ്യമായ എസ്റ്റിമേറ്റെടുത്ത് തുടര്‍നടപടി വേഗത്തിലാക്കാനാണ് നിര്‍ദേശം. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി നഗരത്തില്‍ മാത്രം 300 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ പൈപ്പിടേണ്ടതുണ്ട്. ഇക്കാര്യം റോഡ് ഫണ്ട് ബോര്‍ഡുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് മറ്റൊരു നിര്‍ദേശം. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടു പ്രദേശങ്ങളിലായി 80 കിലോമീറ്റര്‍ പൈപ്പിട്ട് വിതരണ ശൃംഖല മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ എസ്റ്റിമേറ്റും അടിയന്തരമായി എടുത്ത് തുടര്‍നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."