പകര്‍ച്ചവ്യാധികള്‍ പടരുന്നു; എച്ച്.ഐമാരില്ലാതെ ആരോഗ്യവകുപ്പ്
എടക്കര: മലയോര മേഖലയില്‍ ഡെങ്കി അടക്കമുള്ള പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടന്നുപിടിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കേണ്ട ആരോഗ്യ വകുപ്പില്‍ നാഥനില്ല. ഡെങ്കിപ്പനി ബാധിച്ച് മരണം സംഭവിച്ച എടക്കര, വഴിക്കടവ് പഞ്ചായത്തുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തന്നെ ഇല്ലാത്ത അവസ്ഥയാണ്. മൂത്തേടം പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ് ഈ രണ്ട് പഞ്ചായത്തിന്റെയും അധിക ചുമതല.
മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് രോഗികളുടെ പരിശോധനയും മറ്റു തിരക്കുകളുംകാരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരം കിട്ടുന്നുമില്ല. വഴിക്കടവ് പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ മൂന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും കുറവുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നഴ്‌സുമാരുടെ അഭാവം ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
നഴ്‌സുമുടെ അഭാവം കാരണം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരാണ് ഈ ജോലി ചെയ്യുന്നത്. ഫീല്‍ഡില്‍ നടത്തേണ്ട ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. വനമേഖലയോട് ചേര്‍ന്ന കോളനികളില്‍ ഉള്‍പ്പെടെയുള്ള താമസിക്കുന്നവരും ആരോഗ്യ വകുപ്പിന്റെ അനാസ്ഥകാരണം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. കിടത്തി ചികില്‍സ സൗകര്യമുള്ള അരോഗ്യ കേന്ദ്രങ്ങളില്‍ രോഗികളുടെ തിരക്ക് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഇവിടെങ്ങളിലും ജോലിക്കാരുടെ ആഭാവം അലട്ടുന്നുണ്ട്.
സ്‌കൂളുകള്‍, ക്ലബുകള്‍, വിവിധ സംഘടനകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളും പേരിന് മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.
എടക്കരയില്‍ ഫീല്‍ഡ് വര്‍ക്ക് ചെയ്യേണ്ട പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് ഇപ്പോള്‍ നഴ്‌സുമാരുടെ ഡ്യൂട്ടിയാണ് ചെയ്യേണ്ടി വരുന്നത്. എടക്കര പഞ്ചായത്തിലെ ഒരു സബ് സെന്ററില്‍ നഴ്‌സിന്റെ അഭാവം തുടങ്ങിയിട്ട് മാസങ്ങളായി. അവിടെ താമസിക്കുന്ന നഴ്‌സിനാകട്ടെ ചാര്‍ജ് പോത്തുകല്ല് പഞ്ചായത്തിലാണ്. ചാര്‍ജിലുള്ള നഴ്‌സിനെ സ്ഥലത്ത് കാണാനുമില്ല. ഡെങ്കിപ്പനി അടക്കമുള്ള മാരകരോഗങ്ങള്‍ പടര്‍ന്ന് പിടിംക്കുമ്പോള്‍ പ്രതിരോധ നടപടികള്‍ക്ക് മുന്‍കൈ എടുക്കേണ്ട ആരോഗ്യ വകുപ്പിന്റെ ഇത്തരം നടപടികളില്‍ ജനരോഷം ഉയര്‍ന്നു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."