സ്വകാര്യ ലാബില്‍ പരിശോധിച്ചപ്പോള്‍ ഡെങ്കിപ്പനി; ജില്ലാ ആശുപത്രി ലാബില്‍ വൈറല്‍ പനി
നിലമ്പൂര്‍: സ്വകാര്യലാബിലെ റിസള്‍ട്ടില്‍ തുടരെ തുടരെ പാകപ്പിഴകള്‍. ലാബിനെതിരേ പ്രതിഷേധം ശക്തമാകുന്നു. നിലമ്പൂരിലെ വര്‍ഷങ്ങളുടെ പഴക്കമുള്ള പ്രമുഖ സ്വകാര്യ സ്‌കാനിങ് സെന്ററിലെ റിസള്‍ട്ടുകള്‍ക്കെതിരെയാണ് വ്യാപക പരാതി ഉയര്‍ന്നിട്ടുള്ളത്. വ്യാഴാഴ്ച പനിബാധിതനായി ഇവിടെ രക്തം പരിശോധിക്കാനെത്തിയ യുവാവിന്റെ റിസള്‍ട്ടില്‍ പ്‌ളേറ്റ്‌ലെറ്റിന്റെ കൗണ്ട് 33,000 ആയിരുന്നു. ഡെങ്കിപ്പനിയെന്ന് വിധിയെഴുതുകയും ചെയ്തു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാള്‍ ജില്ലാ ആശുപത്രിയിലെ ലാബിലെത്തി വീണ്ടും പരിശോധന നടത്തിയപ്പോള്‍ 3,17,000 ആണ് പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട്.
സാധാരണ വൈറല്‍പ്പനി ബാധിച്ചെത്തിയ യുവാവാണ് സ്വകാര്യലാബിലെ റിസള്‍ട്ടില്‍ ഡെങ്കിപ്പനി ബാധിതനായത്. ഇക്കാര്യം ലാബിലെത്തി അറിയിച്ചപ്പോള്‍ ജീവനക്കാരിയുടെ തലയില്‍ കുറ്റം കെട്ടിവെച്ച് തലയൂരാനുള്ള ശ്രമമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ഇതിന് മുന്‍പും ഇത്തരത്തില്‍ റിസള്‍ട്ടുകളില്‍ പാകപ്പിഴകള്‍ ഉണ്ടെന്ന് കാണിച്ച് രംഗത്ത് വരികയും പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും മതിയായ പരിശോധനകള്‍ ഒന്നുമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഗര്‍ഭപാത്രസംബന്ധിയായ അസുഖവുമായെത്തിയ യുവതിക്ക് കുട്ടികള്‍ ഉണ്ടാവില്ലെന്ന് ഈ ലാബിലെ പരിശോധനാ റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിധിയെഴുതിയിരുന്നു. സംശയം തോന്നി മറ്റൊരു ലാബിലെത്തി പരിശോധിച്ചപ്പോള്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന തകരാര്‍ മാത്രമേയുള്ളൂവെന്ന് കണ്ടെത്തി. ഇത് ഉറപ്പിക്കാനായി മൂന്നാമൊതൊരു ലാബില്‍ കൂടി ഇവര്‍ പരിശോധനക്കെത്തി.
ഇവിടെ നിന്നും സമാനമായ റിസള്‍ട്ട് തന്നെയാണ് ലഭിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരും സന്നദ്ധസംഘടനകളും പ്രതിഷേധമുയര്‍ത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഡയാലിസിസ് രോഗിയുടെ റിസള്‍ട്ടില്‍ അപാകത വന്നതും ഏറെ ചര്‍ച്ചയായിരുന്നു. രക്തപരിശോധനയിലെ അപാകതക്കെതിരെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് യുവാവ്. ആരോഗ്യവകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തണമെന്ന ആവശ്യവുമായി യുവജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി ലാബ്, സ്‌കാനിങ് ഫലങ്ങള്‍ തെറ്റായി വന്നിട്ടും ഡി.എം.ഒക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാനോ മറ്റോ ആരോഗ്യവകുപ്പ് തയാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് യുവജന സന്നദ്ധ സംഘടനകള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ ഡിവൈഎഫ്‌ഐ മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു. ഡോക്ടേഴ്‌സ് സെന്ററിലെ ലാബില്‍ നിന്നും സ്‌കാനിങ് സെന്ററില്‍ നിന്നും തെറ്റായ പരിശോധന ഫലങ്ങള്‍ തുടരെ തുടരെ നല്‍കിയിട്ടും പരാതി അവഗണിക്കുന്ന ആരോഗ്യ വകുപ്പ് ഇത്തവണ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വംനല്‍കുമെന്നും ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."