അപ്രതീക്ഷിത ഹര്‍ത്താല്‍: കുടുങ്ങിയത് യാത്രക്കാരും പരീക്ഷാര്‍ഥികളും
ആലപ്പുഴ: അപ്രതീക്ഷിത ഹര്‍ത്താലില്‍ കുടുങ്ങി യാത്രക്കാര്‍. പകരം സംവിധാനം ഒരുക്കാനാവതെ അധികൃതര്‍. പൊലിസുപോലും അറിയാതെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിരവധി പരീക്ഷാര്‍ഥികളാണ് പാതിവഴിയില്‍ പെട്ടത്. വിദേശികള്‍ പലരും ഹര്‍ത്താലിന്റെ ഞെട്ടലില്‍ വഴിപോക്കരോട് പ്രതികരിക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നായി ജില്ലയില്‍ വന്നുപ്പെട്ടത് നൂറു കണക്കിന് യാത്രക്കാരായിരുന്നു. രാവിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന കച്ചവടക്കാര്‍ പിന്നീട് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് കടകള്‍ അടച്ചു.
ഹിന്ദു ഐക്യവേദി നേതാവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പുലര്‍ച്ചെയോടെയായതിനാല്‍ പലരും ഈ വിവരം അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ജനങ്ങളുടെ ദൈനംദിന ജീവിതം ആകെ താറുമാറായി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തിയില്ല. കടകള്‍ അടച്ചിട്ടതും പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കാതിരുന്നതും ജനങ്ങളെ വലച്ചു. ആകെ പ്രവര്‍ത്തിച്ച ആലപ്പുഴ വഴിച്ചേരിയിലെ സിവില്‍ സപ്ലൈസിന്റെ പമ്പിന് മുന്നില്‍ വൈകുന്നേരം വരെ നീണ്ട ക്യൂവായിരുന്നു.
ഹര്‍ത്താല്‍ പ്രഖ്യാപനം അറിയാതിരുന്നതിനാല്‍ ഇരുചക്ര വാഹനയാത്രക്കാര്‍ പലരും പെട്രോള്‍ അടിക്കാതെ രാവിലെ പണിസ്ഥലങ്ങളിലേയ്ക്ക് പാഞ്ഞെങ്കിലും പാതി വഴിയില്‍ വാഹനവുമായി കിടക്കേണ്ടി വന്നു. ജലഗതാഗതവകുപ്പിന്റെ ബോട്ടുകള്‍ സര്‍വിസ് നടത്താതിരുന്നത് കുട്ടനാടന്‍മേഖലയെ പൂര്‍ണമായും ഒറ്റപ്പെടുത്തി.
ഹൗസ്‌ബോട്ട് ടൂറിസം മേഖലയിലും ഹര്‍ത്താല്‍ കനത്ത ആഘാതം സൃഷ്ടിച്ചു. ഉത്തരേന്ത്യയില്‍ നിന്നും വന്നപലരും വലഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. പലസ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സ്ഥാപനങ്ങളും കടകളും അടപ്പിച്ചു. തുറവൂരില്‍ സ്വകാര്യവാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. അനിഷ്ട സംഭവങ്ങളൊന്നും നടന്നിട്ടില്ല. അമ്പലപ്പുഴയിലെ വിവിധ സ്ഥലങ്ങളില്‍ കെ എസ് ആര്‍ ടി സി ബസുകളും തടഞ്ഞിട്ടു. ട്രിപ്പുമുടക്കിയ ബസുകള്‍ പിന്നീട് അമ്പലപ്പുഴ ബസ് സ്റ്റേഷനിലേക്കു മാറ്റി. വാഹനങ്ങള്‍ തടയലും മറ്റും ഒഴിച്ചാല്‍ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപ്രതീക്ഷിത ഹര്‍ത്താല്‍ കായല്‍ ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതമായി. ഹൗസ്‌ബോട്ടുകളില്‍ രാത്രി സഞ്ചാരം നടത്തി തിരികെയെത്തിയവര്‍ക്ക് പുന്നമടയില്‍ നിന്നും ടാക്‌സിയില്‍ പോകാന്‍ കഴിയാതിരുന്നത് തിരിച്ചടിയുമായി.
ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താല്‍ തുറവൂറിലും സമീപ പ്രദേശങ്ങളിലും പൂര്‍ണമായിരുന്നു. കടകമ്പോളങ്ങളും ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. ദേശീയ പാതയിലൂടെ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളൊന്നും സര്‍വിസ് നടത്തിയില്ല. മറ്റു വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു.
അനിഷ്ട സംഭവങ്ങളൊന്നും നടന്നിട്ടില്ല. പൊലിസ് പേട്രാളിങ് ശക്തമാക്കിയിരുന്നു. അമ്പലപ്പുഴയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയ പാത ഉപരോധിച്ചു. കച്ചേരി മുക്കില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിനു വടക്കുഭാഗത്തായി റോഡില്‍ കുത്തിയിരിക്കുകയായിരുന്നു. ഇതോടെ മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതം മുടങ്ങി.അരൂരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. പെട്രോള്‍ പമ്പുകള്‍ അടച്ചതിനാല്‍ വാഹങ്ങള്‍ യാത്ര നിര്‍ത്തിവച്ചു. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളും നിരത്തിലിറക്കിയില്ല. നിരത്തിലിറക്കിയ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞുവെങ്കിലും പൊലിസിന്റെ നിര്‍ദേശത്തേ തുടര്‍ന്ന് കടത്തിവിട്ടു. പ്രകടനത്തില്‍ എത്തിയനൂറുകണക്കിന് പ്രവര്‍ത്തകര്‍ ശരണമന്ത്രം ചെല്ലിയാണ് പ്രകടനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."