ബസുകളുടെ പാര്‍ക്കിങ് ഗതാഗതക്കുരുക്കുണ്ടാക്കുന്നു
കൊടുങ്ങല്ലൂര്‍: ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിലെ സര്‍വിസ് റോഡുകള്‍ സ്വകാര്യ ബസുകളുള്‍പ്പടെയുള്ള വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയയാക്കി മാറ്റുമ്പോള്‍ അപകട സാധ്യതയും ഗതാഗതക്കുരുക്കും ഏറുകയാണ്.
ചന്തപ്പുര സിഗ്നല്‍ ജങ്ഷന് മുതല്‍ പാകുളം വരെ ബൈപ്പാസിന്റെ പകുതിയോളം ദൂരം ഇരുവശത്തെയും സര്‍വിസ് റോഡുകളില്‍ വാഹനങ്ങള്‍ നിരയായി നിറുത്തിയിടുന്നത് പതിവു കാഴ്ച്ചയാണ്.
മേഖലയില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഇടവേളകളില്‍ നിറുത്തിയിടുന്നത് സര്‍വിസ് റോഡിലാണ്. വേലി തന്നെ വിള തിന്നുന്ന കണക്കെ പൊലിസ് കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ സൂക്ഷിക്കുന്നതും ഇവിടെ തന്നെയാണ്.
തിരക്കേറിയ ബൈപ്പാസില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിനായാണ് സര്‍വിസ് റോഡുകള്‍ നിര്‍മിച്ചിട്ടുള്ളത്. എന്നാല്‍ സര്‍വിസ് റോഡിലെ അനധികൃത പാര്‍ക്കിങ് അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. സര്‍വിസ് റോഡിന്റെ പാതിയും കൈയേറി ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നിറുത്തിയിടുന്നത് മൂലം അതുവഴി വരുന്ന മറ്റു വാഹനയാത്രികര്‍ക്ക് എതിരെ കടന്നു വരുന്ന വാഹനങ്ങള്‍ കാണാനാകില്ല. അതു കൊണ്ടു തന്നെ ഇവിടെ അപകട സാധ്യത കൂടുതലാണ്. ബൈപ്പാസ് റോഡ് കൈയേറിയുള്ള പാര്‍ക്കിങിനെതിരേ പ്രതിഷേധമുയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."