ഓടകളിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടി
മലപ്പുറം: വീടുകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ റോഡുകളിലും പൊതുസ്ഥലങ്ങളിലും തള്ളുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് പി. ഉബൈദുല്ല എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മലപ്പുറം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി അടക്കമുള്ളവ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. വിവിധ വകുപ്പുകള്‍ സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനം ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മെഡിക്കല്‍ ക്യാംപ് നടത്താനും എം.എല്‍.എ നിര്‍ദേശം നല്‍കി.
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലവും പരിസരവും വൃത്തിയാക്കാന്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടി നടത്തും. തൊഴിലാളികളെ വൃത്തിഹീനമായ സ്ഥലങ്ങളില്‍ താമസിപ്പിച്ചാല്‍ കെട്ടിട ഉടമകള്‍ക്കെതിരേ നടപടിയെടുക്കും. പൂക്കോട്ടൂര്‍ അറവങ്കരയില്‍ വിമാനത്താവളത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.
പ്രതിരോധ കുത്തിവയ്പിനോട് വിമുഖത കാണിക്കുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. ജൈവ-അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് മലപ്പുറം നഗരസഭയില്‍ നടപ്പാക്കിയ പദ്ധതി മറ്റു പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാനും പഞ്ചായത്ത് തലത്തില്‍ കര്‍മസേനകള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. 50 വീടുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകള്‍ക്ക ഒരുവളണ്ടിയര്‍ ഉണ്ടാവും. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നതിനും ഈ സംവിധാനം ഉപകരിക്കും.
സാമൂഹിക മാധ്യമങ്ങളില്‍ പ്രതിരോധ കുത്തിവയ്പുകള്‍ക്കെതിരെയും മരുന്ന് വിതരണത്തിനെതിരെയമുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സിവില്‍ സ്റ്റേഷനിലെ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പൊതുപരിപാടികളിലും ആഘോഷങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും. രണ്ടാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി ഷാജി, കെ.എം സലീം, വി.പി സുമയ്യ, സി.എച്ച് സുബൈദ, പുല്‍പ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി അബ്ദുറഹ് മാന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.വി പ്രകാശ്, ബ്ലോക്ക് പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമ്മര്‍, സി.എച്ച്. ഖാലിദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."