അരും കൊല ഗൂഢാലോചന: സി.പി.എം പ്രതിസ്ഥാനത്തുള്ള കേസിന്റെ അന്വേഷണം പൊലിസ് നടത്തരുതെന്ന് എം.കെ മുനീര്‍
കോഴിക്കോട്: താനൂരിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് ഉന്നത സി.പി.എം നേതാക്കള്‍ ഗൂഢാലോചന നടത്തിയ ശേഷമാണെന്ന സൂചനകള്‍ ഗൗരവമര്‍ഹിക്കുന്നതാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍.
സി.പി.എം പ്രതിസ്ഥാനത്തുള്ള കേസിന്റെ അന്വേഷണം സംസ്ഥാന പൊലിസ് നടത്തുന്നത് ഫലപ്രദമല്ല. സംഭവത്തെ കുറിച്ച് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയത്തിന്റെ വക്താവായ പി. ജയരാജന്റെ താനൂര്‍ സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് അരുംകൊല. സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയ പല കൊലപാതകങ്ങള്‍ക്ക് മുന്‍പും പി. ജയരാജന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കണ്ണൂരില്‍നിന്ന് ജയരാജന്‍ എന്തിനാണ് താനൂരിലെത്തിയതെന്നും അദ്ദേഹം ചോദിച്ചു.
ഇസ്ഹാഖിന്റെ ഘാതകരെയും ഇതിനു ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്‍പിലെത്തിക്കാന്‍ മുസ്‌ലിംലീഗ് ഏതറ്റംവരെയും പോകുമെന്നും എം.കെ മുനീര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."