സ്ത്രീയെ ഉപേക്ഷിച്ചാല്‍ മുസ്‌ലിം പുരുഷനെതിരേ ക്രിമിനല്‍ കുറ്റം: ഇതേ കുറ്റം ചെയ്യുന്ന മറ്റു മതങ്ങളിലുള്ളവര്‍ സുരക്ഷിതരെന്നും വൃന്ദ കാരാട്ട്
കോഴിക്കോട്: സ്ത്രീയെ ഉപേക്ഷിച്ച മുസ്ലിം പുരുഷനെതിരെയുള്ള ക്രിമിനല്‍ നടപടി ഇതേ കുറ്റം ചെയ്യുന്ന മറ്റു മതങ്ങളിലുള്ളവര്‍ക്ക് നേരെയുണ്ടാവുന്നില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മുത്തലാഖ് പോലുള്ള സ്ത്രീവിരുദ്ധരീതികളെ എതിര്‍ക്കുന്നതിനൊപ്പം ഇത്തരം വിവേചനങ്ങളും തുറന്നുകാട്ടണമെന്നും അവര്‍ പറഞ്ഞു. മുത്തലാഖ് വിഷയത്തില്‍ കേന്ദ്രത്തിന് ഇരട്ടത്താപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അസമിലെ പൗരന്മാരെ പുറത്താക്കാനും കശ്മീരിനെ വിഭജിക്കാനും തിടുക്കം കാട്ടുന്ന സര്‍ക്കാര്‍ സ്ത്രീകളെ സംരക്ഷിക്കാനുള്ള ഇച്ഛാശക്തി കാണിക്കുന്നില്ല. അതേസമയം പീഡനക്കേസുകളിലെ പ്രതികളെ സംരക്ഷിക്കാന്‍ മുന്നിലുണ്ട്. കഠ്‌വയിലും സ്വാമി ചിന്മയാനന്ദിനെതിരായ പീഡനക്കേസിലും അത് കണ്ടു. പീഡിപ്പിക്കുന്നവര്‍ക്കായി ശബ്ദമുയര്‍ത്തുന്നതാണോ അവര്‍ കൊട്ടിഘോഷിക്കുന്ന സംസ്‌കാരമെന്നും വൃന്ദ ചോദിച്ചു.
രാജ്യത്ത് സ്ത്രീകളും കുട്ടികളും അടിയന്തരാവസ്ഥയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ, നവലിബറല്‍ നയങ്ങളുടെ പ്രധാന ഇരകളായി, മുമ്പില്ലാത്ത വിധം മാറിയിരിക്കുകയാണ് സ്ത്രീകള്‍. ഇരകളാവുന്നതില്‍ മൂന്നില്‍ ഒരു ഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണ്.
വിശ്വാസത്തെപ്പോലും ആര്‍.എസ്.എസിന്റെ ഇടുങ്ങിയ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ശബരിമല കേസില്‍ കണ്ടു.
കശ്മീരില്‍ ചര്‍ച്ച പോലും ഇല്ലാതെയാണ് 370ാം വകുപ്പ് പിന്‍വലിച്ചത്. അറസ്റ്റ് പേടിച്ച് മരുന്ന് വാങ്ങാന്‍ പോലും സ്ത്രീകള്‍ പുറത്തിറങ്ങാത്ത അവസ്ഥയാണവിടെ. അടിത്തട്ടിലുള്ള സ്ത്രീകളെ പിടിച്ചുയര്‍ത്തി ബദല്‍ മുന്നേറ്റത്തിന്റെ പാത തുറക്കണമെന്നും ബൃന്ദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."