കൂടത്തായി മോഡല്‍ കൊലപാതക പരമ്പര തലസ്ഥാനത്തും: ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കുടുംബത്തിലെ ഏഴുപേര്‍, 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നും ആരോപണം
തിരുവനന്തപുരം: കൂടത്തായി മോഡല്‍ കൊലപാതക പരമ്പര തലസ്ഥാനത്തും നടന്നതായി സൂചന. കരമനയിലാണ് ഒരു കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഏഴു മരണങ്ങളും കൊലപാതകങ്ങളാണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കരമന കാലടി കൂടത്തില്‍ കുടുംബാംഗങ്ങളായ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. മരണങ്ങളില്‍ കുടുംബത്തിലെ കാര്യസ്ഥന് പങ്കുണ്ടെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധു പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്!റയും വ്യക്തമാക്കി.
ഇരുപത് വര്‍ഷത്തിനിടയിലാണ് കരമനയിലെ തറവാട്ടിലെ ഏഴ് പേര്‍ മരിച്ചത്. അവസാനം നടന്ന രണ്ട് മരണങ്ങളിലാണ് പ്രധാനമായും ദുരൂഹത ആരോപിക്കുന്നത്.
ഗോപിനാഥന്‍നായരുടെ മകനായ ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്റെ മകനായ ജയമാധവന്‍ എന്നീ രണ്ട് മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടുപേരും അവിവാഹിതരാണ്. ഉമാനഗരം തറവാട്ടു വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അടുത്തടുത്ത വര്‍ഷങ്ങളിലാണ് ഇവര്‍ മരിച്ചത്. കട്ടിലില്‍ നിന്ന് വീണോ, കട്ടിലില്‍ തലയിടിച്ചോ ആണ് ഇവര്‍ മരിച്ചതെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. എന്നാല്‍ ഇത് രണ്ടും കൊലപാതകമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മരണങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറി. തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സ്വത്ത് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നാണ് കണ്ടെത്തിയത്. അതുകൊണ്ടാണ് അന്വേഷണം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
2017ലാണ് ജയമാധവന്‍ മരിക്കുന്നത്. ഇതിന് മുമ്പാണ് ജയപ്രകാശിന്റെ മരണം. ജയമാധവന്റെ മരണത്തിന് ശേഷം ഇവരുടെ പേരിലുള്ള സ്വത്തുക്കള്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് ബന്ധുക്കളല്ലാത്തവരുടേതുള്‍പ്പടെ പേരിലാക്കി എന്നാണ് ആരോപണം.
പരാതിയില്‍ കരമന പൊലിസ് എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."