ബി.ജെ.പിക്ക് നഷ്ടം 42,975 വോട്ടുകള്‍; ഇടതിന് കൂടിയത് 43,674
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും സ്വന്തമായിരുന്ന വോട്ടുകളില്‍ ഉണ്ടായത് വന്‍ നഷ്ടം. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കേ എല്‍.ഡി.എഫിന് വന്‍ മുന്നേറ്റവുമുണ്ടാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ താമരയില്‍നിന്ന് പോയത് 42,975 വോട്ടാണ്. കോന്നിയില്‍ ഇടതുമുന്നണിയുമായി 440 വോട്ടിന്റെ മാത്രം അകലമുണ്ടായിരുന്നത് 14,313 വോട്ടായി വര്‍ധിച്ചു. രണ്ടു തെരഞ്ഞെടുപ്പുകള്‍ താരതമ്യം ചെയ്യുമ്പോള്‍ സുരേന്ദ്രന് കുറഞ്ഞത് 6720 വോട്ട്. ഏറ്റവും കൂടുതല്‍ വോട്ട് ബി.ജെ.പിയില്‍നിന്നു പോയത് വട്ടിയൂര്‍ക്കാവിലാണ്.
ലോക്‌സഭയിലേക്ക് കുമ്മനം മത്സരിച്ചപ്പോള്‍ കിട്ടിയത് 50,709 വോട്ട്. ഇപ്പോഴത് 27,453 ആയി ഇടിഞ്ഞു. 23,256 വോട്ടിന്റെ നഷ്ടം. എറണാകുളത്തെ സ്ഥിതിയും വ്യത്യസ്തമല്ല. അല്‍ഫോന്‍സ് കണ്ണന്താനം മത്സരിച്ചപ്പോള്‍ കിട്ടിയ വോട്ടില്‍നിന്ന് 4418 വോട്ടാണ് കുറഞ്ഞത്.
മഞ്ചേശ്വരത്ത് ചരിത്രത്തിലില്ലാത്ത വോട്ട് ബി.ജെ.പിക്കു കിട്ടിയെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്ശ്രീധരന്‍പിള്ള പറയുമ്പോഴും കൂടിയത് 380 വോട്ട് മാത്രം.
പക്ഷേ കഴിഞ്ഞ തവണ 79 വോട്ടിന് രണ്ടാം സ്ഥാനത്തായിപ്പോയ മണ്ഡലത്തില്‍ ഇത്തവണ തോറ്റത് 7923 വോട്ടിനും.
യു.ഡി.എഫിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. വട്ടിയൂര്‍ക്കാവിലും കോന്നിയിലും യു.ഡി.എഫിന് തിരിച്ചടി നേരിട്ടു. അഞ്ച് മണ്ഡലങ്ങളിലുമായി യു.ഡി.എഫിന് നഷ്ടമായത് 41,840 വോട്ടാണ്. വട്ടിയൂര്‍ക്കാവില്‍ കുറഞ്ഞത് 13,180 ഉം എറണാകുളത്ത് 24,029 ഉം കുറഞ്ഞപ്പോള്‍ കോന്നിയില്‍ 5521 വോട്ട് നഷ്ടമായി. മഞ്ചേശ്വരത്ത് ഭൂരിപക്ഷം കൂട്ടിയപ്പോഴും 2810 വോട്ട് കുറഞ്ഞു. അരൂരില്‍ അധികമായി ലഭിച്ച 3700 വോട്ടാണ് യു.ഡി.എഫിന്റെ ഏകെ ആശ്വാസം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ഒതുങ്ങിയ ഇടതുപക്ഷത്തിന് 43,674 വോട്ട് കൂടി എന്നതാണ് ശ്രദ്ധേയം.
വട്ടിയൂര്‍ക്കാവില്‍ ഒന്നാം സ്ഥാനക്കാരായപ്പോള്‍ കൂടിയത് 25,416 വോട്ട്. ഇടതിനു വിജയം നേടാനായ കോന്നിയില്‍ 7153 വോട്ടും കൂടി. എറണാകുളത്ത് പോളിങ് കുറഞ്ഞിട്ടും 3399 വോട്ട് വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫിനായി.
സിറ്റിങ് സീറ്റായിരുന്ന അരൂര്‍ നഷ്ടമായപ്പോഴും 2269 വോട്ട് വര്‍ധിച്ചു. മൂന്നാം സ്ഥാനത്തായെങ്കിലും മഞ്ചേശ്വരത്തും 5437 വോട്ട് അവര്‍ക്ക് കൂടുതല്‍ നേടാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."