റാങ്കുകളുടെ തിളക്കത്തില്‍ ഡെറിക് ജോസഫ്
ഇരിട്ടി: റാങ്കുകള്‍ ഒന്നൊന്നായി നേടി ഡെറിക് ഒന്നാമനായി. ഇരിട്ടി മാടത്തില്‍ പട്ടാരം സ്വദേശി മാമൂട്ടില്‍ കുടുംബാംഗം ഡെറിക് ജോസഫാണ് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ദേശീയതലത്തില്‍ ആറാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും നേടിയത്.
കോട്ടയം ആനക്കല്ല് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ഡെറിക്ക് ജോസഫ് സമാനമായ രീതിയില്‍ ദിവസങ്ങള്‍ക്കു മുമ്പാണ് രണ്ട് റാങ്കുകള്‍ കരസ്ഥമാക്കി നാടിന് അഭിമാനമായത്. ശാസ്ത്രസാങ്കേതിക വകുപ്പ് ശാസ്ത്ര വിഷയങ്ങളില്‍ അഭിരുചിയുള്ള യുവപ്രതിഭകള്‍ക്ക് തുടര്‍പഠനത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി ദേശീയതലത്തില്‍ നടത്തിയ കിഷോര്‍ വൈജ്ഞാനിക്ക് പ്രോത്സാഹന്‍ യോജന പരീക്ഷയില്‍ ദേശീയതലത്തില്‍ ഒന്നാം റാങ്ക് ഡെറിക് നേടിയിരുന്നു.
ഈ ആഹ്ലാദത്തിനിടെയാണ് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ എം.ബി.ബി.എസ് പ്രവേശന പരീക്ഷയില്‍ ദേശീയതലത്തില്‍ 16ാം റാങ്ക് നേടിയത്. മാമൂട്ടില്‍ കുടുംബത്തിന്റെയും മലയോര ജനതയുടെയും അഭിമാനതാരമായി വിജയം ആഘോഷിക്കുമ്പോള്‍ നീറ്റ് പരിക്ഷാ ഫലമെത്തിയത്.
ഒന്നു മുതല്‍ പത്ത് വരെ വീടിനടുത്ത് കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഡെറിക് ജോസഫ് പഠിച്ചത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയാണ് ഡെറിക്ക് ആദ്യമായി മികവ് തെളിയിച്ചത്. പ്ലസ് വണ്‍ മുതല്‍ പഠനം കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളിലേക്ക് മാറ്റി. നീറ്റ് പരീക്ഷയ്ക്ക് പാല ബ്രില്യന്‍സിലാണ് പരീശിലനം നേടിയത്.
തൃശ്ശൂരില്‍ സഹകരണ വകുപ്പ് അസി. ഡയറക്ടറായി ജോലി ചെയ്യുന്ന ഇരിട്ടി മാടത്തില്‍ പട്ടാരത്തിലെ മാമൂട്ടില്‍ എം.ഡി ജോസഫിന്റെയും പായം സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരി ലിലിയ മാത്യൂസിന്റെയും മൂന്ന് മക്കളില്‍ ഇളയവനാണ് ഡെറിക് ജോസഫ്. മൂത്ത മകന്‍ ഡേവിഡ് ജോസഫ് കോഴിക്കോട് മെഡി. കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. രണ്ടാമന്‍ കളമശ്ശേരി രാജഗിരി എന്‍ജിനിയറിങ് കോളജില്‍ ബി-ടെക് വിദ്യാര്‍ഥിയും. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അടുത്തമാസം മൂന്നിനു ഡെറിക് ജോസഫ് പ്രവേശനം നേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."