27, 28, 29 തിയതികളില്‍ ജനകീയ ശുചീകരണം
കണ്ണൂര്‍: പകര്‍ച്ചപ്പനിയും മറ്റ് മഴക്കാല രോഗങ്ങളും തടയാന്‍ 27, 28, 29 തിയതികളില്‍ ജില്ലയില്‍ ജനകീയ ശുചീകരണ യജ്ഞം നടത്താന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനപ്രകാരം വിളിച്ചുചേര്‍ത്തതാണ് യോഗം. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എല്ലാവിഭാഗം ജനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യ നിര്‍മാര്‍ജനവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് രംഗത്തിറങ്ങണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
തദ്ദേശസ്ഥാപനങ്ങളുടെയും എം.എല്‍.എമാരുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ ഇതിനാവശ്യമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികള്‍, ബഹുജനസംഘടനകള്‍, സന്നദ്ധസംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരെല്ലാം ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകും. ഓരോ തദ്ദേശസ്ഥാപനവും അവരുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ മാലിന്യ നിര്‍മാര്‍ജന-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടന്നുവെന്ന് ഉറപ്പാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
എല്ലാവീട്ടിലും പകര്‍ച്ചപ്പനിയെ പ്രതിരോധിക്കുന്നതിനും പരിസരശുചീകരണത്തിനുമുള്ള ബോധവല്‍ക്കരണ സന്ദേശം എത്തിക്കണം. ആശുപത്രികളിലും പ്രാഥമിരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും താല്‍ക്കാലികമായി നിയമിക്കുന്ന കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തരമായി നടപടി കൈക്കൊള്ളണം. യോഗത്തില്‍ മേയര്‍ ഇ.പി ലത, പി.കെ ശ്രീമതി എം.പി, എം.എല്‍.എമാരായ കെ.സി ജോസഫ്, സി. കൃഷ്ണന്‍, ജയിംസ് മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, പി.പി ദിവ്യ, പി. ജയരാജന്‍, സതീശന്‍ പാച്ചേനി, അഡ്വ. സന്തോഷ് കുമാര്‍, അഷ്‌റഫ് ബംഗാളി മൊഹല്ല, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."